ആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് കോഴിക്കോട് കോർപറേഷൻ

ആറ് മാസത്തോളമായി ഈ സമരം തുടങ്ങിയിട്ട്. ആയിരത്തോളം മൽസ്യത്തൊഴിലാളി കുടുംബങ്ങളാണ് ഈ പ്രദേശത്ത് തിങ്ങിപ്പാർക്കുന്നത്. എഴുപത് സെന്റോളം വരുന്ന ഈ ഭൂമിയിലാണ് ഈ പ്ലാന്റ് നിർമിക്കാൻ കോർപറേഷൻ ശ്രമിക്കുന്നത്. തണ്ണീർത്തടമായ ഈ പ്രദേശം ആദ്യം ലോറി സ്റ്റാന്റ് പണിയാനാണെന്ന് പറഞ്ഞാണ് കോർപറേഷൻ നികത്തിയത്.

Update: 2022-07-02 11:48 GMT

അഭിലാഷ് പി

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ ആവിക്കൽത്തോട് കടലോര മേഖലയിൽ കോർപറേഷൻ സ്ഥാപിക്കാനൊരുങ്ങുന്ന സ്വീവേജ് പ്ലാന്റിനെതിരേ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം ആറ് മാസം പിന്നിടുകയാണ്. ജുലായ് 2 ന് നടന്ന സമരസമിതി ഹർത്താലിന് നേരെ പോലിസ് നടത്തിയ ലാത്തിച്ചാർജിലൂടേയും ​ഗ്രനേഡ് പ്രയോ​ഗത്തിലൂടേയും ജനങ്ങളോട് പരസ്യ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കോഴിക്കോട് കോർപറേഷൻ.


കോഴിക്കോട് കോർപറേഷനിലെ 62, 66, 67 വാർഡുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യമെടുത്ത് സംസ്കരിച്ച് ശുദ്ധമായ വെള്ളവും ഒപ്പം വളവുമാക്കി മാറ്റി വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്ന തരത്തിലാണ് നിർദ്ദിഷ്ട പ്ലാന്റ് വിഭാവനം ചെയ്യുന്നത്. ഡ്രൈനേജ്, മലിന ജല സംസ്ക്കരണ പ്ലാന്റുകൾ തുടങ്ങിയവയുടെ നിർമാണത്തിന് പ്രാമുഖ്യം നൽകിക്കൊണ്ട് 2015-16 വർഷത്തിൽ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടമായ അമൃത് 2.0 യുടെ ഭാഗമായാണ് വെള്ളയിൽ മലിന ജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നത്.


പ്ലാന്റിനു വേണ്ടി ആദ്യ ഘട്ടത്തിൽ നടത്തിയ മണ്ണ് പരിശോധന ഉൾപ്പെടെയുള്ള മുഴുവൻ നടപടികളും പ്രദേശവാസികളിൽ നിന്നും വാർഡ് കൗൺസിലർമാരിൽ നിന്നും മറച്ചുവെച്ചു കൊണ്ടാണ് കോർപറേഷൻ പദ്ധതിയുമായി മുന്നോട്ട് പോയതെന്ന കാര്യം സംശയാസ്പദമാണ്. പ്ലാന്റ് വന്നാൽ ചുറ്റുപാടുകളിൽ ദുർഗന്ധമുണ്ടാകുമോ, സംസ്ക്കരിച്ച ശേഷം കടലിലേക്കൊഴുക്കുന്ന വെള്ളം ഹാർബറിലേക്ക് കയറിയാൽ അത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമോ തുടങ്ങിയ നാട്ടുകാരുടെ അടിസ്ഥാനപരമായ ആശങ്കകൾക്ക് പോലും വിശ്വാസ്യയോഗ്യമാകുന്ന തരത്തിൽ മറുപടി നൽകാൻ അധികാരികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.


ഇനി ചര്‍ച്ചകള്‍ക്കു സാധ്യതയില്ലെന്നും പ്ലാന്റ് നിര്‍മിക്കുമെന്നും മേയര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച്ച രാവിലെ നടന്ന ഹർത്താലിനോട് അനുബന്ധിച്ചുള്ള റാലിക്ക് നേരേ പോലിസ് അതിക്രമം ഉണ്ടായത്. പ്രദേശത്ത് മുന്‍പ് രണ്ടുതവണ സര്‍വേ നടത്താന്‍ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. തുടര്‍ന്ന് കനത്ത പോലിസ് സന്നാഹത്തോടെ ഒരാഴ്ച മുമ്പ് സര്‍വേ തുടങ്ങി. പകൽ സമയത്ത് അഞ്ഞൂറോളം പോലിസും രാത്രികാലങ്ങളിൽ ഇരുന്നൂറോളം പോലിസും സമരപ്പന്തൽ കയ്യേറി പ്രദേശത്ത് കാവൽ നിൽക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

സമരസമിതി വൈസ് ചെയർമാൻ ​ഗഫൂർ പറയുന്നത് ഇങ്ങനെ

ആറ് മാസത്തോളമായി ഈ സമരം തുടങ്ങിയിട്ട്. ആയിരത്തോളം മൽസ്യത്തൊഴിലാളി കുടുംബങ്ങളാണ് ഈ പ്രദേശത്ത് തിങ്ങിപ്പാർക്കുന്നത്. എഴുപത് സെന്റോളം വരുന്ന ഈ ഭൂമിയിലാണ് ഈ പ്ലാന്റ് നിർമിക്കാൻ കോർപറേഷൻ ശ്രമിക്കുന്നത്. തണ്ണീർത്തടമായ ഈ പ്രദേശം ആദ്യം ലോറി സ്റ്റാന്റ് പണിയാനാണെന്ന് പറഞ്ഞാണ് കോർപറേഷൻ നികത്തിയത്. മഴക്കാലത്ത് വിവിധ മേഖലകളിൽ നിന്ന് വരുന്ന വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലമാണ് ആവിക്കൽത്തോടിനോട് ചേർന്നുള്ള ഈ സ്ഥലം. ഇവിടെ വെള്ളം കെട്ടിനിൽക്കുന്നതുകൊണ്ടാണ് മറ്റ് പ്രദേശത്ത് വീടുകളിലും മറ്റും വെള്ളം കയറാത്തത്. ലോറി സ്റ്റാന്റിനെന്ന് പറഞ്ഞ് സ്ഥലം നികത്തിയതോടെ നൂറോളം വീടുകളിൽ വെള്ളംകയറുന്ന സ്ഥിതിയും ഉണ്ടായി.

പ്ലാന്റ് പണിയുന്നതോടെ തോടിന്റെ വീതി ഒന്നുകൂടി കുറയും, ഇത് പ്രദേശത്തെ വീടുകളെ വെള്ളക്കെട്ട് ദുരിതത്തിലേക്ക് തള്ളിവിടും. പ്ലാന്റ് നിലവിൽ വന്നാൽ പ്ലാന്റിൽ നിന്ന് മാലിന്യം സംസ്കരിച്ച വെള്ളം ഒഴുക്കുന്നത് കടലിലേക്കാണ്. ഈ വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നതിന് നൂറുമീറ്റർ പരിധിയിലാണ് വെള്ളയിൽ ഹാർബർ. മേയർ അടക്കമുള്ളവർ ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നത്. തിരുവനന്തപുരത്ത് ഇത്തരത്തിലുള്ള പ്ലാന്റ് ഉണ്ട്, അത് ജനവാസ മേഖലയിലല്ല. ടൂറിസം വികസനത്തിനായി ഈ മേഖലയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ​ഗൂഢനീക്കമാണ് ഈ പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ കോർപറേഷൻ ശ്രമിക്കുന്നത്. ഇത് അം​ഗീകരിക്കാൻ ഈ നാട്ടിലെ ജനങ്ങൾ തയാറാവില്ല.


സിപിഎം, കോൺ​ഗ്രസ്, മുസ് ലിം ലീ​ഗ്, എസ്ഡിപിഐ, ബിജെപി തുടങ്ങി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രാദേശികമായി ആദ്യഘട്ടത്തിൽ സമരത്തോടൊപ്പമായിരുന്നു. എന്നാൽ സമരം ശക്തിപ്പെട്ടതിന് പിന്നാലെ സിപിഎമ്മും ബിജെപിയും സമരത്തോട് മുഖംതിരിഞ്ഞു നിൽക്കുകയാണ്. മൽസ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമടക്കം ആയിരക്കണക്കിന് പേര് തൊഴിലെടുക്കുന്ന ഇടമാണ് ഹാർബർ. ഈ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പദ്ധതികൂടിയാണ് ഇത്.

ഇന്നത്തെ ഹർത്താലും സംഘർഷവും

‌പദ്ധതി പ്രത്യക്ഷത്തിൽ ബാധിക്കുന്ന കോഴിക്കോട് കോർപറേഷനിലെ 62, 66, 67 വാർഡുകളിലാണ് ജനകീയ സമരസമിതി ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താലിനോട് അനുബന്ധിച്ച് നടന്ന റാലിക്ക് മുന്നേ തന്നെ പോലിസിന്റെ ഭാ​ഗത്ത് നിന്ന് പ്രകോപനപരമായ പെരുമാറ്റം ഉണ്ടായെന്ന് സമരസമിതി പ്രവർത്തകരും ജനങ്ങളും ഒന്നടങ്കം പറയുന്നു. വെള്ളയിൽ സിഐ ​ഗോപകുമാർ സംഘർഷം ഇല്ലാതിരുന്നിട്ടും മർദ്ദിക്കുന്ന സ്ഥിതിയുണ്ടായി. ആഷിക് എന്ന സമരപ്രവർത്തകനെയാണ് ആദ്യം സിഐ മർദ്ദിച്ചത്.


പിന്നാലെ നടന്ന റാലിയിൽ കയറിക്കൂടിയ സിപിഎം പ്രവർത്തകരാണ് പോലിസിന് എതിരേ കല്ലെറിഞ്ഞത്. ഇത് പ്രക്ഷോഭം സംഘർഷാവസ്ഥയിലേക്ക് നീങ്ങാൻ കാരണമായി. പിന്നീട് പോലിസ് കണ്ണിന് മുന്നിൽ കാണുന്നവരെ മുഴുവൻ പൊതിരെതല്ലി പോലിസ് ​ഗ്രനേഡ് പ്രയോ​ഗത്തിൽ പരിക്കേറ്റ ഒരാളും ലാത്തിച്ചാർജിൽ ​ഗുരുതര പരിക്കേറ്റ റജീഷിനേയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാരമായി പരിക്കേറ്റവർ കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ്.

സമരസമിതി ഉയർത്തിയ സമരപ്പന്തൽ പോലിസ് കയ്യേറി, അവരുടെ വിശ്രമ സ്ഥലമായി മാറ്റിയിരിക്കുകയാണ്. ഇതിനെതിരേ ജനങ്ങൾ വിവിധ സമയങ്ങളിൽ പോലിസിനോട് കൊമ്പുകോർക്കുന്ന സ്ഥിതിവിശേഷവും നിലവിലുണ്ട്. സമരം തകർക്കുവാനായി സിപിഎമ്മിന്റേയും പോലിസിന്റേയും ​ഗൂഡാലോചന നടന്നിട്ടുണ്ട്, പോലിസ് ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നവരേയും പോലിസ് മർദ്ദിച്ചെന്ന് സമര പ്രവർത്തകൻ സവാദ് പറഞ്ഞു.


പോലിസുമായി സംഘര്‍ഷമുണ്ടായതോടെ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് തോട്ടിലെറിഞ്ഞിരുന്നു. റോഡുകൾ മരത്തടികളും കല്ലുകളും വാഹനങ്ങളുടെ ടയറുകൾ അ​ഗ്നിക്കിരയാക്കി റോഡ് ​ഗതാ​ഗതം സമരസമിതി തടഞ്ഞിട്ടുണ്ട്. പോലിസ് ലാത്തിവീശിയെങ്കിലും പ്രദേശവാസികള്‍ ചിതറിപ്പോവാതെ സംഘടിച്ചുനില്‍ക്കുകയാണെന്നത് സമരത്തിന്റെ ഊർജം വ്യക്തമാക്കുന്നതാണ്.

ആവിക്കൽത്തോട് മലിന ജല സംസ്ക്കരണ പ്ലാന്റുമായി മുന്നോട്ട് പോകാൻ തന്നെയാണ് കോർപറേഷന്റെ തീരുമാനം. എന്നാൽ പ്ലാന്റ് വന്നാൽ തീരദേശ മേഖലയിലെ കുടുംബങ്ങളുടെ സ്വൈരജീവിതം തകർക്കപ്പെടുമോ എന്ന ഭീതിയിൽ മരണം വരെ പ്ലാന്റ് വരാതിരിക്കാൻ പോരാടുമെന്ന നിശ്ചയദാർഢ്യത്തിലാണ് ജനകീയ സമരസമിതിയും നാട്ടുകാരും.

Similar News