കൊവിഡ് അതിജീവനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യം: ഐഎംഎ

രോഗാവസ്ഥയെ കുറിച്ചുള്ള ഡാറ്റ ഉണ്ടായിട്ടും കൃത്യമായ പഠനങ്ങള്‍ കേരളത്തിലുണ്ടാവാത്തത് നിരാശാജനകം

Update: 2021-04-22 07:47 GMT

തിരുവനന്തപുരം: അടുത്ത രണ്ടാഴ്ചകള്‍ നിര്‍ണായകമായതിനാല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ്, കര്‍ഫ്യൂ പോലെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ പി. റ്റി സക്കറിയാസ്. കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ തീക്ഷ്ണമായ രോഗ വ്യാപനം ആണ് നടന്നുവരുന്നത്. ഒരാളില്‍ നിന്ന് പത്തോ പതിനഞ്ചോ പേരിലേക്ക് പെട്ടെന്ന് രോഗം വ്യാപിക്കുന്ന അവസ്ഥ. രോഗപ്രതിരോധത്തിനായി ബ്രേക്ക് ദ ചെയിന്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. നിയന്ത്രണങ്ങള്‍ നടപ്പിലാക്കേണ്ടത് ഗവണ്‍മെന്റിന്റെ ബാധ്യതയാണെന്നും ഐഎംഎ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഐ സേഫ് എന്ന പ്രോജക്ട് വഴി കൃത്യമായ പ്രതിരോധ പരിശീലന മാര്‍ഗങ്ങള്‍ ചെയ്തുവരുന്നു.

ഇക്കഴിഞ്ഞ മാസങ്ങളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് നിബന്ധനകള്‍ പാലിക്കുന്നതില്‍ കാര്യമായ വീഴ്ചയുണ്ടായി. അതിന്റെ പരിണതഫലം കൂടിയാണ് ഇന്നത്തെ തീവ്ര രോഗവ്യാപനം. കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ മേയ് രണ്ടിന് വോട്ടെണ്ണല്‍ പ്രക്രിയ നടത്താവൂ. വീണ്ടും ഒരു തീവ്ര വ്യാപനത്തിനു വഴിവെക്കുന്ന രീതിയില്‍ ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളുമുണ്ടായാല്‍ നമ്മുടെ ആരോഗ്യപരിപാലന വ്യവസ്ഥ തകരും. ഇപ്പോള്‍തന്നെ ആശുപത്രി കിടക്കകള്‍, ഐ.സി.യു. കിടക്കകള്‍, വെന്റിലേറ്ററുകള്‍ എല്ലാം അപര്യാപ്തമാകുന്ന സാഹചര്യമുണ്ട്. കര്‍ഫ്യൂ സമാനമായ അവസ്ഥയായിരിക്കണം രണ്ടിന് എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അഭിപ്രായം.

ഇതെല്ലാം ഒഴിവാക്കിയേ മതിയാവൂ. RTPCR ടെസ്റ്റുകള്‍ ഇനിയും വര്‍ധിപ്പിച്ച് ദിനംപ്രതി ഒരുലക്ഷത്തിലധികം ആക്കേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ രോഗബാധിതരെ തിരിച്ചറിഞ്ഞ് മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിക്കു. കോണ്‍ടാക്ട് ട്രേസിങ്, ടെസ്റ്റിങ അതുപോലെതന്നെ ക്വാറന്റൈന്‍ നിബന്ധനകള്‍ കൃത്യമായി പരിപാലിക്കുന്നു എന്ന് ഉറപ്പു വരുത്തണം. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ എം.ബി.ബി.എസ്., ബിരുദാനന്തര ബിരുദ പരീക്ഷകള്‍ മാറ്റിവെച്ച നടപടി പുന:പരിശോധിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ, ജൂനിയര്‍ ഡോക്ടര്‍മാരുടെ, മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഏറെ ആവശ്യമായ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പരീക്ഷകള്‍ നടത്തി അവരെ മഹാമാരി നേടുന്നതിന് ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. ഒരു ബാച്ച് ഹൗസ് സര്‍ജന്‍മാരുടെ കാലാവധി തീരുന്നതോടെ ആരോഗ്യ പ്രവര്‍ത്തകരുടെ അംഗബലത്തില്‍ കാര്യമായ കുറവുണ്ടാകും. ഇത് നികത്താനുള്ള അടിയന്തര നടപടികളാണ് കൈക്കൊള്ളേണ്ടത്.

വാക്‌സിനേഷന്‍ കാര്യത്തില്‍ വേഗത്തില്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കേണ്ടത് രോഗപ്രതിരോധത്തിന് അത്യാവശ്യമായി വരുന്നു. വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടത് ഗവണ്‍മെന്റിന്റെ ചുമതലയാണ്. കൂടുതല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ സ്വകാര്യമേഖലയില്‍ അടക്കം അനുവദിക്കുകയും തിരക്ക് പരമാവധി ഒഴിവാക്കുകയും ചെയ്യണം. വാക്‌സിനേഷന്‍ സെന്ററുകള്‍ രോഗവ്യാപനത്തിന് കാരണമാകുന്ന ഇന്നത്തെ അവസ്ഥ മാറിയേ പറ്റൂ. ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ആണ് ഇത്തരത്തില്‍ രോഗവ്യാപനം തീവ്രമാക്കിയത്. ഈ ജനിതക മാറ്റങ്ങളുടെ പഠനങ്ങളും അടിയന്തരമായി നടത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഫലപ്രദമായ ചികിത്സ ആവിഷ്‌കരിക്കുന്നതിന് സാധ്യമാകൂ. കഴിഞ്ഞ തരംഗത്തിലുണ്ടായ രോഗികളുടെ, രോഗാവസ്ഥകളുടെ ഡാറ്റ വേണ്ട രീതിയില്‍ പഠനം നടത്താതെയിരുന്ന സാഹചര്യത്തില്‍ ഇന്നത്തെ തരംഗത്തെ അതിജീവിക്കുന്ന പ്രക്രിയ വേണ്ടവിധത്തില്‍ നടത്താന്‍ സാധിക്കാതെ വന്നു. രോഗാവസ്ഥയെ കുറിച്ചുള്ള ഇത്രയും ഡാറ്റ ഉണ്ടായിട്ടും കൃത്യമായ പഠനങ്ങള്‍ കേരളത്തില്‍ നിന്നുണ്ടായില്ല എന്നുള്ളത് നിരാശാജനകമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിരന്തരം ആവശ്യപ്പെട്ടിട്ട് പോലും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് പഠനങ്ങളുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനം ഉണ്ടായില്ല.

പുതിയ പെരുമാറ്റച്ചട്ടങ്ങള്‍ സമൂഹത്തിലെ വിവിധ തുറകളില്‍ ഉണ്ടാകേണ്ടതുണ്ട്. ജോലിസ്ഥലങ്ങളില്‍, പഠന കേന്ദ്രങ്ങളില്‍, പാഠശാലകളില്‍, വ്യവസായശാലകളില്‍, മാര്‍ക്കറ്റുകളില്‍ തുടങ്ങി പൊതുജനം വിഹരിക്കുന്ന മേഖലകളിലെല്ലാം മഹാമാരിയുമായി സമരസപ്പെട്ടു സഹവസിക്കുന്നതിന് ജീവിതരീതികളില്‍ മാറ്റം വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇത്തരത്തിലുള്ള നൂതന സാമൂഹിക പെരുമാറ്റച്ചട്ടം സമൂഹത്തിനുമുന്നില്‍ വയ്ക്കുകയാണ്. വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാര്‍, വൈസ് പ്രസിഡന്റ ഡോ സുല്‍ഫി നൂഹു എന്നിവര്‍ പങ്കെടുത്തു.

Tags: