'വളരെ ലാഘവത്തോടെയാണ് റവന്യൂ വിജിലന്‍സ് സംവിധാനം പ്രവര്‍ത്തിക്കുന്നത്, ഈ രീതി അടിമുടി മാറണം'-മന്ത്രി കെ രാജന്‍

ജനദ്രോഹ നടപടികള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും മുഖം നോക്കാതെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി

Update: 2021-06-30 11:56 GMT

തിരുവനന്തപുരം: റവന്യു വകുപ്പിലെ വിജിലന്‍സ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും ആവശ്യമെങ്കില്‍ സമഗ്രമായി പുനസംഘടിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് റവന്യു മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി.

റവന്യൂ വിജിലന്‍സ് മേധാവികളുടെ യോഗത്തിലാണ് വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും ശക്തവും ആക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മന്ത്രി പറഞ്ഞത്. വളരെയധികം പരാതികളാണ് പൊതുജനങ്ങളില്‍ നിന്ന് വരുന്നത്. വളരെ ലാഘവത്തോടെയാണ് വിജിലന്‍സ് സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ രീതി അടിമുടി മാറണം. ജനദ്രോഹ നടപടികള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും മുഖം നോക്കാതെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങളുടെ പരാതികളിന്മേല്‍ എന്തു നടപടി എടുത്തുവെന്നതിന് മൂന്ന് മേഖലാ വിജിലന്‍സ് മേധാവികളില്‍ നിന്നും മന്ത്രി റിപോര്‍ട്ട് തേടി. റവന്യു സര്‍വ്വേ വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ പ്രത്യേക വിജിലന്‍സ് സംവിധാനങ്ങളാണുള്ളത്. ഇവ രണ്ടും ഏകോപിപ്പിക്കാനുള്ള സാധ്യതകളെ കുറിച്ചും വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഒരു സമഗ്ര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു സെക്രട്ടറിയോട് മന്ത്രി നിര്‍ദ്ദേശിച്ചു.

Tags:    

Similar News