കൊവിഡ് നിയന്ത്രണങ്ങളില്‍ യൂറോപ്പ് കത്തുന്നു (ചിത്രങ്ങളിലൂടെ)

പ്രതിഷേധങ്ങള്‍ പല രാജ്യങ്ങളിലും തെരുവ് കലാപത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

Update: 2021-11-23 04:03 GMT

ലണ്ടന്‍: കൊവിഡ് വ്യാപനം തടയുന്നതിനായി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്പിലുടനീളം ഉണ്ടായിട്ടുള്ളത്. ഓസ്ട്രിയയിലും നെതര്‍ലന്റ്‌സിലും ആരംഭിച്ച പ്രതിഷേധം യൂറോപ്പിലുടനീളം പടരുന്നതാണ് കഴിഞ്ഞ ദിവസം സാക്ഷിയായത്. പ്രതിഷേധങ്ങള്‍ പല രാജ്യങ്ങളിലും തെരുവ് കലാപത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സില്‍ പ്രതിഷേധക്കാര്‍ വാഹനത്തിന് തീയിട്ടപ്പോള്‍

യൂറോപ്പിലാകെ പടരുന്ന കൊവിഡിന്റെ പുതിയ തരംഗത്തെ തുടര്‍ന്ന് പലയിടത്തും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതാണ് ജനത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഒപ്പം വാക്‌സിനേഷന്‍ വിരുദ്ധ കാംപയിനും ശക്തമാണ്. ഇതോടെ എന്ത് വന്നാലും നിയന്ത്രണങ്ങള്‍ നടപ്പാക്കാനാവാത്ത അവസ്ഥയിലാണ് നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍.

നെതര്‍ലന്റ്‌സ് നഗരമായ റോട്ടര്‍ഡാമില്‍ പ്രക്ഷോഭകര്‍ കത്തിച്ച കാറും സൈക്കിളും

കൊവിഡ് വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ആളുകളാണ് ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സില്‍ മാര്‍ച്ച് നടത്തിയത്. ചില പ്രതിഷേധക്കാര്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കു നേരെ പടക്കങ്ങള്‍ എറിഞ്ഞു.അവര്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് ഇതിനെ നേരിട്ടത്. റെസ്‌റ്റോറന്റുകളോ ബാറുകളോ പോലുള്ള വേദികളിലേക്ക് വാക്‌സിനേഷന്‍ എടുക്കാത്തവരെ തടയുന്ന കോവിഡ് പാസുകളുടെ ഉപയോഗത്തെയാണ് പ്രകടനക്കാര്‍ പ്രധാനമായും എതിര്‍ക്കുന്നത്.

ക്രൊയേഷ്യന്‍ തലസ്ഥാനത്ത് ജനം തെരുവിലിറങ്ങിയപ്പോള്‍

പുതിയ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ക്കെതിരെ നെതര്‍ലന്‍ഡ്‌സില്‍ തുടക്കമിട്ട പുതിയ പ്രതിഷേധത്തിന് പിന്നാലെയാണിത്. ശനിയാഴ്ച, റോട്ടര്‍ഡാമിലെ പ്രതിഷേധം അക്രമാസക്തമാവുകയും പോലിസ് വെടിയുതിര്‍ക്കുകയും ചെയ്തതിന് ശേഷം ഒരു രാത്രി ഹേഗില്‍ ആളുകള്‍ പോലീസിന് നേരെ പടക്കങ്ങള്‍ എറിയുകയും സൈക്കിളുകള്‍ക്ക് തീയിടുകയും ചെയ്തു.

ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍

പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ രോഷം പ്രകടിപ്പിച്ച് ഓസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിലും ആയിരക്കണക്കിന് പ്രകടനക്കാര്‍ തെരുവിലിറങ്ങി.

ഇറ്റാലിയന്‍ നഗരമായ മിലാനില്‍ പ്രക്ഷോഭകനെ പോലിസ് അറസ്റ്റ് ചെയ്തു നീക്കുന്നു

ബെല്‍ജിയത്തില്‍, ഇതിനകം തന്നെ കോവിഡ് പാസുകള്‍ ആവശ്യമുള്ള റെസ്‌റ്റോറന്റുകള്‍ പോലുള്ള സ്ഥലങ്ങളില്‍ ഉള്‍പ്പെടെ മാസ്‌ക് ധരിക്കുന്നത് കര്‍ശനമാക്കിയിട്ടുണ്ട്, കൂടാതെ മിക്ക ബെല്‍ജിയക്കാര്‍ക്കും ഡിസംബര്‍ പകുതി വരെ ആഴ്ചയില്‍ നാല് ദിവസം വീട്ടില്‍ നിന്ന് ജോലി ചെയ്യേണ്ടിവരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനും ആലോചനയുണ്ട്.

വടക്കന്‍ മാസിഡോണിയയില്‍ നടന്ന പ്രതിഷേധം

നേരത്തെ, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഭൂഖണ്ഡത്തില്‍ വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളില്‍ 'വളരെ ആശങ്കാകുലരാണെന്ന്' അറിയിച്ചിരുന്നു.

യൂറോപ്പിലുടനീളം നടപടികള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ അടുത്ത വസന്തകാലത്തോടെ അരലക്ഷം മരണങ്ങള്‍ കൂടി ഉണ്ടാകുമെന്നാണ് അതിന്റെ റീജിയണല്‍ ഡയറക്ടര്‍ ഡോ ഹാന്‍സ് ക്ലൂഗ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സ്വിറ്റ്‌സര്‍ലന്റിലെ സൂറി സൂറിക്കില്‍ നടന്ന പ്രതിഷേധം

നമ്മുടെ മേഖലയിലെ മരണനിരക്കിന്റെ ഒന്നാം നമ്പര്‍ കാരണമായി കോവിഡ് 19 വീണ്ടും മാറിയിരിക്കുന്നു,' അദ്ദേഹം പറഞ്ഞു.

Tags: