ഇന്ധനവില വര്‍ധനവ്: കേന്ദ്രസര്‍ക്കാര്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നുവെന്ന് റോയ് അറയ്ക്കല്‍

Update: 2021-05-04 13:41 GMT

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ രണ്ടാം വരവില്‍ രാജ്യത്തെ ജനങ്ങള്‍ പകച്ചുനില്‍ക്കുമ്പോള്‍ ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്ര ബിജെപി സര്‍ക്കാര്‍ വീണ്ടും എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ച് ബിജെപി സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത പോലെയാണ് ഇന്ധനവില ദിനംപ്രതി വര്‍ധിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ വീണ്ടും വില വര്‍ധന ആരംഭിച്ചിരിക്കുകയാണ്. മഹാമാരിയില്‍ ഉപജീവനം പോലും പ്രതിസന്ധിയിലായ ജനങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ് ബിജെപി സര്‍ക്കാര്‍. കണ്ണില്‍ ചോരയില്ലാത്ത ഇന്ധനവില വര്‍ധന കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് റോയ് അറയ്ക്കല്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Tags: