വിവാദ ബന്ധുനിയമന യോഗ്യത ഫയലില്‍ ഒപ്പുവച്ച് മുഖ്യമന്ത്രിയും

2016 ഓഗസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ഫയലില്‍ ഒപ്പുവച്ചിരുന്നു

Update: 2021-04-11 11:09 GMT

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജരാക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത മാറ്റിയ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. 2016 ഓഗസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ഫയല്‍ കൃത്യമായി കണ്ടിരുന്നു. ഈ പദവിയിലേക്കുള്ള അടിസ്ഥാന യോഗ്യതയില്‍ ഇളവ് വരുത്തിയ ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ച രേഖകളുമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നേരത്തെ നിയമന യോഗ്യതയില്‍ മാറ്റം നിര്‍ദ്ദേശിക്കുന്ന മന്ത്രിയുടെ കത്ത് വിവാദമായിരുന്നു. ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജരുടെ യോഗ്യത മാര്‍ക്കറ്റിങ്, ഫിനാന്‍സ് എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്ത എംബിഎ, അല്ലെങ്കില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തന പരിചയത്തോടെ സിഎസ്,സിഎ,ഐസിഡബ്ലിയുഎഐ എന്നായിരുന്നു. എംബിഎ സ്‌പെഷ്യലൈസേഷനില്‍ എച്ച് ആര്‍ കൂടി ഉള്‍പ്പെടുത്തുക, മൂന്ന് വര്‍ഷം പ്രവര്‍ത്തന പരിചയത്തോടെ ബിടെക്കും പിജിഡിബിഎയും കൂടി യോഗ്യതയായി ചേര്‍ക്കുക എന്നതായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. ബിടെക്കും പിജിഡിബിഎയും ആയിരുന്നു കെടി ജലീലിന്റെ ബന്ധു അദീബിന്റെ യോഗ്യത.

Tags:    

Similar News