സ്‌കൂളിലെ സൂംബ; സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ് ലിം സംഘടനകള്‍

Update: 2025-06-27 10:01 GMT

തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പരിശീലിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ വിവാദം കനക്കുന്നു. സൂംബ പരിശീലനം നല്‍കുന്നതിനെ എതിര്‍ത്ത് കൂടുതല്‍ മുസ് ലിം സംഘടനകള്‍ രംഗത്തെത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജന സംഘടനയായ എസ് വൈഎസ് ആണ് ഏറ്റവും ഒടുവില്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. സൂംബ ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ് എന്ന് എസ് വൈ എസ് നേതാവ് അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ ആരോപിച്ചു.

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ സൂംബ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷറഫ് വിമര്‍ശനം ഉന്നയിച്ചതോടെയാണ് വിഷയം സജീവ ചര്‍ച്ചയായത്. ടി കെ അഷറഫിനെ പിന്തുണയ്ച്ചും എതിര്‍ത്തും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് കൂടുതല്‍ സമുദായ സംഘടനങ്ങള്‍ പ്രതിഷേധ സ്വരം ഉയര്‍ത്തുന്നത്.

പൊതു വിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണെന്നും ആണും പെണ്ണും കൂടികലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല എന്നായിരുന്നു അധ്യാപകന്‍ കൂടിയായ ടി കെ അഷറഫിന്റെ പ്രതികരണം. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ തയാറല്ല, ഒരു അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കും. വിഷയത്തില്‍ ഏത് നടപടിയും നേരിടാന്‍ താന്‍ തയാറാണെന്നും ടി കെ അഷറഫ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്‌കൂളുകളില്‍ കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ എന്ന പേരില്‍ സൂംബ ഡാന്‍സ് ഉള്‍പ്പെടുത്തുന്നതിനെതിരെ നേരത്തെയും ടി കെ അഷ്റഫ് രംഗത്തെത്തിയിരുന്നു. ഡിജെ പാര്‍ട്ടികളിലും മറ്റു ആഘോഷങ്ങളിലും യുവാക്കള്‍ അഭിരമിക്കുന്ന കാലമാണിത്. പിരിമുറുക്കം കുറക്കാനെന്ന പേരില്‍ സ്‌കൂളുകളില്‍ സൂംബാ ഡാന്‍സിന് വേദി ഒരുക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും എന്നാണ് ടി കെ അഷറഫിന്റെ വാദം.