സംസ്ഥാനത്ത് ഇതുവരെ 56 പേര്‍ക്ക് സിക്ക; ഇന്ന് വൈറസ് സ്ഥിരീകരിച്ചത് 5 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനി(38), പേട്ട സ്വദേശി(17), കരമന സ്വദേശിനി (26), പൂജപ്പുര സ്വദേശി(12), കിള്ളിപ്പാലം സ്വദേശിനി(37) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 56 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 8 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ല. ആശുപത്രിയില്‍ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.