മോഷണം പോയ ബൈക്കില്‍ കറങ്ങിയ യുവാക്കളെ നാട്ടുകാര്‍ പിടികൂടി

Update: 2019-09-11 06:35 GMT

പരപ്പനങ്ങാടി: മോഷണം പോയ ബൈക്കില്‍ കറങ്ങിയ യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ വച്ചാണ് യുവാക്കളെ നാട്ടുകാര്‍ പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന മൂന്നാമത്തെയാള്‍ ഓടി രക്ഷപ്പെട്ടു. ചേലമ്പ്ര ഇടിമുഴിക്കല്‍ സ്വദേശിയുടെ ബൈക്കാണ് ഇവരില്‍ നിന്നു കണ്ടെത്തിയത്. ബൈക്ക് മോഷ്ടിച്ചത് യുവാക്കളാണോ എന്ന് വ്യക്തമല്ല.

മോഷണം പോയ ബൈക്കിന്റെ ഉടമയും സുഹൃത്തുക്കളും സ്വന്തം നിലയില്‍ നടത്തിയ തിരിച്ചിലിനിടയിലാണ് കാണാതായ ബൈക്ക് പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കീഴ്ച്ചിറ ഭാഗത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേര്‍ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പരപ്പനങ്ങാടി പോലിസിന് കൈമാറിയ ഇവരെ തേഞ്ഞിപ്പലം പോലിസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി. 

Tags: