ബസില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരനെ പോലിസ് സ്റ്റേഷനില്‍ കയറ്റി പിഴയടപ്പിച്ചു
കൊട്ടാരക്കയില്‍നിന്ന് തിരുവനന്തപുരത്തേക്ക്പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് സംഭവം.
തിരുവനന്തപുരം: ബസില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരനായ യുവാവിനെ പോലിസ് സ്റ്റേഷനില്‍ കയറ്റി പിഴ അടപ്പിച്ച് ബസ് യാത്രികരും ജീവനക്കാരും. ബുധനാഴ്ച രാത്രി എട്ടിന് കൊട്ടാരക്കയില്‍നിന്ന് തിരുവനന്തപുരത്തേക്ക്പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് സംഭവം.
ബസില്‍ കയറിയ രണ്ടു യുവാക്കളില്‍ ഒരാള്‍ മാസ്‌ക് ധരിക്കാന്‍ തയ്യാറായില്ല. ജീവനക്കാരും സഹയാത്രക്കാരും പലതവണ ആവശ്യപ്പെട്ടിട്ടും യുവാവ് കേട്ടില്ല. തുടര്‍ന്ന് ബസ് നേരെ പോലിസ് സ്റ്റേഷനിലേക്ക് വിട്ടു. ചടയമംഗലം പോലിസ് സ്റ്റേഷനു മുന്നില്‍ ബസ് നിര്‍ത്തി ജീവനക്കാര്‍ പരാതിപ്പെട്ടു. എസ്‌ഐ ശരത് ലാല്‍ യുവാക്കളെ സ്റ്റേഷനില്‍ വിളിപ്പിച്ച് പിഴ ഈടാക്കി മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടു. പോലിസ് ആവശ്യപ്പെട്ടതോടെ ഇവര്‍ മാസ്‌ക് ധരിച്ചു. പിഴയായി പണവും അടച്ചു.