കോട്ടയത്ത് യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്, 12 പേര്‍ അറസ്റ്റില്‍

പ്രകടനമായെത്തിയ പ്രവര്‍ത്തകരെ കലക്ടറേറ്റിന് മുന്നില്‍ പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലിസും സമരക്കാരുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടെ സമരക്കാരില്‍ ചിലര്‍ പോലിസിന് നേരേ ചീമുട്ടയെറിഞ്ഞു.

Update: 2019-07-26 09:38 GMT

കോട്ടയം: പിഎസ്‌സിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോട്ടയം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ കലക്ടറേറ്റിന് മുന്നില്‍ പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലിസും സമരക്കാരുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടെ സമരക്കാരില്‍ ചിലര്‍ പോലിസിന് നേരേ ചീമുട്ടയെറിഞ്ഞു. ഇതോടെ പോലിസ് സമരക്കാര്‍ക്കുനേരേ ലാത്തിവീശി. ഇതില്‍ എട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടെ ഹൃദയാഘാതമുണ്ടായ അമീര്‍ ചേനപ്പാടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമീര്‍ ഇപ്പോള്‍ ഐസിയുവിലാണുള്ളത്.

സംഘര്‍ഷത്തിന്റെ പേരില്‍ 12 ഓളം പേരെ പോലിസ് അറസ്റ്റുചെയ്തു. ഇവരെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവാന്‍ പോലിസ് ബലംപ്രയോഗിച്ചതോടെ സ്ഥലത്ത് വീണ്ടും സംഘര്‍ഷം ഉടലെടുത്തു. പോലിസും പ്രവര്‍ത്തകരുമായി രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരപരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും പോലിസുമായി ചര്‍ച്ച നടത്തിയശേഷം പ്രവര്‍ത്തകരെ വിട്ടയക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍, ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലിസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നതെന്ന് യൂത്ത് ലീഗ് പറയുന്നു.

Tags:    

Similar News