അമിത് ഷായുടെ സന്ദര്‍ശനം: മുസ്‌ലിം ലീഗ് ഇടപെട്ടു; യൂത്ത് ലീഗിന്റെ 'കറുത്ത മതില്‍' ഉപേക്ഷിച്ചു
അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം 'കറുത്ത മതില്‍' ഒരുക്കി പ്രതിഷേധം തീര്‍ക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് ഇന്ന് രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ബ്ലാക്ക് വാള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്നതിനുള്ള ബിജെപിയുടെ പ്രചാരണപരിപാടിയുടെ ഭാഗമായി കോഴിക്കോട്ടെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ പ്രതിഷേധപരിപാടികളൊന്നും വേണ്ടെന്ന് യൂത്ത് ലീഗിനോട് മുസ്‌ലിം ലീഗ് നേതൃത്വം. ഇന്ന് ചേര്‍ന്ന ലീഗ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ഇക്കാര്യം യൂത്ത് ലീഗ് നേതാക്കളോട് അഭ്യര്‍ഥിച്ചതായി നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം 'കറുത്ത മതില്‍' ഒരുക്കി പ്രതിഷേധം തീര്‍ക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് ഇന്ന് രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ബ്ലാക്ക് വാള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരി 15ന് കറുത്ത വസ്ത്രം ധരിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ റോഡിന് ഇരുവശവും പ്രതിഷേധമതില്‍ തീര്‍ക്കും.
കരിപ്പൂര്‍ വിമാനത്താവളം മുതല്‍ വെസ്റ്റ്ഹില്‍ ഹെലിപ്പാഡ് വരെ 35 കിലോമീറ്റര്‍ ദൂരത്തിലാണ് ബ്ലാക്ക് വാള്‍ തീര്‍ക്കുക. ഒരുലക്ഷം പേര്‍ പങ്കാളികളവുമെന്നും പി കെ ഫിറോസ് അവകാശപ്പെട്ടിരുന്നു. ആര്‍എസ്എസ് ഭീകരവാദികളാണ് ജെഎന്‍യു ആക്രമണത്തിന് പിന്നില്‍. ഇതിലുള്ള പ്രതിഷേധം കൂടിയാണ് കറുത്ത മതില്‍ പ്രതിഷേധമെന്നും പി കെ ഫിറോസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അമിത് ഷാ വരുന്ന ദിവസം യൂത്ത് ലീഗ് സമരമുണ്ടാവില്ലെന്ന് വൈകീട്ട് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. അമിത് ഷാ പാര്‍ട്ടി പരിപാടിക്കായാണ് വരുന്നത്. അന്ന് സമരം വേണ്ടെന്ന് യൂത്ത് ലീഗുമായി ആലോചിച്ച് തീരുമാനിച്ചതാണ്. സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അന്നത്തെ ദിവസത്തെ പ്രതിഷേധം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. പൗരത്വനിയമം പിന്‍വലിക്കുംവരെ പ്രക്ഷോഭം തുടരുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
