ഭാര്യയെ അനുനയിപ്പിക്കാന്‍ ലൈവായി തൂങ്ങി മരണം അഭിനയിച്ച ഭര്‍ത്താവിന് ദാരുണാന്ത്യം

ഭാര്യ വിവരം നല്‍കിയതനുസരിച്ച് എത്തിയ തളിപ്പറമ്പ് പോലിസ് വാതില്‍ പൊളിച്ച് അകത്തു കയറി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു.

Update: 2020-04-25 05:59 GMT

തളിപ്പറമ്പ്: പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിക്കാന്‍ ലൈവായി തൂങ്ങിമരണം മൊബൈലില്‍ പകര്‍ത്തിയുള്ള അഭിനയത്തിനിടെ യുവാവ് മരിച്ചു. പുളിമ്പറമ്പ് ജുമാ മസ്ജിദിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അരിയില്‍ കയ്യംതടം സ്വദേശി എ എം റിയാസ് (25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം.

ഏതാനും മാസങ്ങള്‍ മുമ്പാണ് റിയാസ് ഇവിടെ താമസമാക്കിയത്. ഇയാളുടെ ഭാര്യ വ്യാഴാഴ്ച്ച വൈകുന്നേരം വഴക്കുകൂടി പിണങ്ങിപ്പോയിരുന്നു. ഇവരെ ഭയപ്പെടുത്തി തിരികെയെത്തിക്കാനാണ് റിയാസ് മൊബൈലില്‍ ലൈവായി തൂങ്ങിമരണം അഭിനയിച്ചതെന്ന് പോലിസ് പറഞ്ഞു. ഇതിനിടയില്‍ അബദ്ധത്തില്‍ കയര്‍മുറുകി മരണം സംഭവിക്കുകയായിരുന്നു. ഭാര്യ വിവരം നല്‍കിയതനുസരിച്ച് എത്തിയ തളിപ്പറമ്പ് പോലിസ് വാതില്‍ പൊളിച്ച് അകത്തു കയറി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കണ്ണൂര്‍ ഗവ . മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. തളിപ്പറമ്പിലെ ഓട്ടോെ്രെഡവറായ മുഹമ്മദ്-ജാസ്മിന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: മുബഷീറ. ഏകമകന്‍: ഫിദല്‍(എട്ട് മാസം). സഹോദരങ്ങള്‍: റഷീദ്, റംഷീദ്.