അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ യുവാവിന് ജാമ്യം
റാഫി 2018 ഒക്ടോബര്‍ 9നാണ് കീഴടങ്ങിയത്. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റിഡിയിലായിരുന്നു.
കൊച്ചി: മൂവാറ്റുപുഴയില്‍ പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ യുവാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആലുവ തോട്ടക്കാട്ടുകര പെരിക്കപ്പാലം മാട്ടുപ്പടി ഹൗസില്‍ മുഹമ്മദ് റാഫി(37)ക്ക് ആണ് ജസ്റ്റിസ് എം എം ഷഫീഖ്, ജസ്റ്റി എ അനില്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ടെ ബെഞ്ച് ജാമ്യം അനുവദിച്ചത്. നേരത്തേ എന്‍ഐഎ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെതിരേ നല്‍കിയ അപ്പീലിലാണ് വിധി. 2017ല്‍ സമര്‍പ്പിച്ച അധിക കുറ്റപത്രത്തിലാണ് റാഫി ഉള്‍പ്പെടെ ആറു പേരെ പ്രതികളായി ചേര്‍ത്തിരുന്നത്.
റാഫി 2018 ഒക്ടോബര്‍ 9നാണ് കീഴടങ്ങിയത്. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റിഡിയിലായിരുന്നു. ആക്രമിക്കപ്പെട്ട അധ്യാപകന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റാഫിയെയാണ് നിയോഗിച്ചിരുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. അതേ സമയം, 2011 ഒക്ടോബര്‍ ഒന്നിന് സമര്‍പ്പിച്ച കുറ്റപത്രത്തിലോ 2013 ജനുവരി 18നും 2013 ഏപ്രില്‍ 12നും സമര്‍പ്പിച്ച അധിക കുറ്റപത്രത്തിലോ ഹരജിക്കാരന്‍ പ്രതിയായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2017 ജൂണ്‍ 1ന് സമര്‍പ്പിച്ച അധിക കുറ്റപത്രത്തില്‍ മാത്രമാണ് റാഫിയുടെ പേര് പരാമര്‍ശിക്കുന്നത്. ഗൂഢാലോചനയില്‍ പ്രതിക്ക് പങ്കുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. 10 ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് കര്‍ശന ഉപാധികളോടെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.