കൊല്ലത്ത് അമിതവേഗത്തില്‍ ബൈക്കിലെത്തിയ യുവാക്കള്‍ പോലിസുകാരെ ഇടിച്ചുതെറിപ്പിച്ചു
ചിന്നക്കടയില്‍ ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. റോഡില്‍ വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്ന ശ്രീജിത്ത്, പ്രശാന്ത് എന്നീ പോലിസുകാര്‍ക്കാണ് പരിക്കേറ്റത്.
കൊല്ലം: കൊല്ലം ചിന്നക്കടയില്‍ മദ്യലഹരിയില്‍ അമിതവേഗതയില്‍ ബൈക്കിലെത്തിയ യുവാക്കള്‍ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെ ഇടിച്ചുതെറിപ്പിച്ചു. അപകടമുണ്ടാക്കിയ ബൈക്ക് യാത്രികര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലിസ് കേസെടുത്തു. ചിന്നക്കടയില്‍ ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. റോഡില്‍ വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്ന ശ്രീജിത്ത്, പ്രശാന്ത് എന്നീ പോലിസുകാര്‍ക്കാണ് പരിക്കേറ്റത്.
ബൈക്കോടിച്ച വിന്‍സന്റ് പോലിസ് കാവലില്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ശ്രീജിത്തിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലേക്കും മാറ്റി. പ്രശാന്ത് പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സനലിനെ സംഭവസ്ഥലത്തുവച്ചുതന്നെ പോലിസ് കസ്റ്റഡിയിലെടുത്തു.