തിരൂരിലെ കൊവിഡ് കെയര്‍ സെന്ററില്‍ മരിച്ച യുവാവിന് വൈറസ് ബാധയില്ലെന്ന് പരിശോധനാഫലം

മൂന്ന് കൊവിഡ് കെയര്‍ സെന്ററുകളാണ് തിരൂരില്‍ പ്രവര്‍ത്തിക്കുന്നത്. എവിടെയും ഡോക്ടര്‍മാരുടെ സേവനമുണ്ടാവാറില്ലെന്നാണ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പറയുന്നത്.

Update: 2020-07-12 13:27 GMT

തിരൂര്‍: യുഎഇയില്‍നിന്നെത്തി നഗരസഭയുടെ കൊവിഡ് കെയര്‍ സെന്ററില്‍ മരിച്ച തെക്കനന്നാര താണിക്കാട്ടില്‍ അന്‍വറിന് കൊവിഡ് നെഗറ്റീവാണെന്ന് പരിശോധനാഫലം. അതേസമയം, യുവാവിന്റെ മരണത്തിനിടയാക്കിയത് അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഇന്നലെ രാത്രി എട്ടുമണിയോടെ മുറിയില്‍ അന്‍വര്‍ അവശനിലയിലാണെന്ന വിവരമറിയിച്ചിട്ടും അരകിലോമീറ്റര്‍ ദൂരമുള്ള ആശുപത്രിയിലെത്തിക്കാനായത് മൂന്നുമണിക്കൂറിനുശേഷമാണ്. നഗരസഭാ ചെയര്‍മാനും സെക്രട്ടറിയും കൗണ്‍സിലറും നാട്ടുകാരും യുവാവ് മരണത്തിലേക്ക് നീങ്ങുന്നത് നിസ്സഹായതോടെ നോക്കിനില്‍ക്കുകയായിരുന്നു. മൂന്ന് കൊവിഡ് കെയര്‍ സെന്ററുകളാണ് തിരൂരില്‍ പ്രവര്‍ത്തിക്കുന്നത്. എവിടെയും ഡോക്ടര്‍മാരുടെ സേവനമുണ്ടാവാറില്ലെന്നാണ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പറയുന്നത്. പലരും വിവിധ രോഗങ്ങളുള്ളവരാണ്. മരിച്ച അന്‍വര്‍ പ്രമേഹരോഗിയായിരുന്നു.

അവശനിലയിലായ വിവരമറിയിച്ചപ്പോള്‍ പഞ്ചസാര വെള്ളം നല്‍കാനായിരുന്നു ഫോണില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മറുപടി. പിന്നീട് മണിക്കൂറുകള്‍ക്കുശേഷം ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ആംബുലന്‍സില്‍ മരണപ്പെടുകയായിരുന്നു. കൃത്യസമയത്ത് ഒരു ആംബുലന്‍സ് പോലും ഇവിടെ സജ്ജമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags: