യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലിസ് ജലപീരങ്കി പ്രയോഗിച്ചു

എംഎല്‍എമാരായ ഷാഫി പറമ്പില്‍, വി ടി ബല്‍റാം, കെ എസ് ശബരീനാഥന്‍, റോജി എം ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

Update: 2021-01-19 09:09 GMT

തിരുവനന്തപുരം: പിഎസ്‌സിയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നു എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിട്ട പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലിസുമായി ഉന്തും തള്ളുമുണ്ടായി. നേരത്തെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു.

തുടര്‍ന്ന് പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ വീണ്ടും നോര്‍ത്ത് ഗേറ്റിന് മുന്നില്‍ സംഘടിക്കുകയും ബാരിക്കേഡ് മറികടന്ന് മുന്നോട്ടുനീങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്നാണ് ജലപീരങ്കി പ്രയോഗിച്ചത്. എംഎല്‍എമാരായ ഷാഫി പറമ്പില്‍, വി ടി ബല്‍റാം, കെ എസ് ശബരീനാഥന്‍, റോജി എം ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ബലം പ്രയോഗിച്ച് അറസ്റ്റുചെയ്യാനുള്ള നീക്കം സംഘര്‍ഷത്തലേക്ക് നീങ്ങി. സമരഗേറ്റിന് മുന്നില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.

Tags: