മാധ്യമ പ്രവർത്തകരെ അപമാനിച്ച യു പ്രതിഭാ എംഎൽഎക്കെതിരെ പരാതി

എംഎൽഎയുടെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതിനും മാധ്യമപ്രവർത്തനത്തെ ഇകഴ്ത്തി കാണിക്കുക എന്ന മനപൂർവ്വമുള്ള ലക്ഷ്യം വച്ചിട്ടുള്ളതുമാണ്.

Update: 2020-04-04 10:30 GMT

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി മാധ്യമ പ്രവർത്തകരെ അപമാനിച്ച് സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യു പ്രതിഭാ എംഎൽഎക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.എ എം രോഹിത്താണ് ഡിജിപി, മുഖ്യമന്ത്രി, വനിതാ കമ്മീഷൻ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് പരാതി നൽകിയത്.

തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ടെന്നും അവരുടെ കാൽ കഴുകി വെള്ളം കുടിക്കാനുമാണ് മാധ്യമ പ്രവർത്തകർക്കെതിരായ എംഎൽഎയുടെ പരിഹാസം. നിങ്ങൾക്ക് വേറെന്തെങ്കിലും പണിക്ക് പൊയ്ക്കുടെ. ഇതിലും ഭേദം മാധ്യമ പ്രവർത്തകർ ശരീരം വിറ്റ് ജീവിക്കുന്നതാണ്, അത് ആണായാലും പെണ്ണായാലും എന്നാണ് ഫേസ്ബുക്കിലിട്ട വീഡിയോയിൽ യു പ്രതിഭ എംഎൽഎ വിവാദ പരാമര്‍ശങ്ങൾ ഉന്നയിക്കുന്നത്. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ എംഎൽഎയും പ്രദേശിക ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകരെ ഒന്നടങ്കം അപമാനിക്കുന്ന വിവാദ പരാമർശവുമായി പ്രതിഭ രംഗത്തെത്തിയത്. ഇതേത്തുടർന്ന് എംഎൽഎക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നിട്ടുള്ളത്.

അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർശങ്ങളാണ് എംഎൽഎയുടെ സംഭാഷണത്തിലൂടനീളം ഉണ്ടായിരുന്നതെന്ന് പരാതിയിൽ പറയുന്നു. കേരളത്തിലെ സ്ത്രീകളും പുരുഷൻമാരുമായ മാധ്യമ പ്രവർത്തകർക്ക് "സ്വന്തം ശരീരം വീറ്റ് ജീവിച്ചൂടെ" എന്ന ലൈംഗിക ചുവയോട് കൂടിയുള്ള പരാമർശങ്ങളും മറ്റും ഒരു സാമൂഹിക മാധ്യമത്തിലൂടെ ബഹുമാനപ്പെട്ട എം എൽ എ നടത്തിയിരിക്കുന്നത്. ഇത് സമൂഹത്തിലെ സ്ത്രീകളുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനും മാധ്യമപ്രവർത്തനത്തെ ഇകഴ്ത്തി കാണിക്കുക എന്ന മനപൂർവ്വമുള്ള ലക്ഷ്യം വച്ചിട്ടുള്ളതാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും രോഹിത് പരാതിയിൽ ആവശ്യപ്പെടുന്നു.

പരാതിയുടെ പൂർണരൂപം ചുവടെ:

ബഹു കേരളാ പോലീസ് മേധാവിയ്ക്ക് മുമ്പാകെ ബോധിപ്പിക്കുന്ന പരാതി.

സർ,

ഇന്നലെ 03.04.2020 വെള്ളിയാഴ്ച്ച രാത്രി 10.11 pm സമയത്ത് ബഹുമാനപ്പെട്ട കായംകുളം നിയോകമണ്ഡലം എം എൽ എ ശ്രീമതി പ്രതിഭയുടെ 22 മിനിട്ട് നീണ്ട് നിൽക്കുന്ന ഒരു ലൈവ് സംഭാഷണം അവരുടെത് തന്നെ സ്വന്തം ഫേസ് ബുക്ക് പേജിലൂടെ കാണാനിടയായി അങ്ങെയറ്റം സ്ത്രീവിരുദ്ധമായ പരാമർശങ്ങളാണ് ആ സംഭാഷണത്തിലൂടനീളം ഉണ്ടായിരുന്നത്. കേരളത്തിലെ സ്ത്രീകളും പുരുഷൻമാരുമായ മാധ്യമ പ്രവർത്തകർക്ക് "സ്വന്തം ശരീരം വീറ്റ് ജീവിച്ചൂടെ" എന്ന ലൈംഗിക ചുവയോട് കൂടിയുള്ള പരാമർശങ്ങളും മറ്റും ഒരു സാമൂഹിക മാധ്യമത്തിലൂടെ ബഹുമാനപ്പെട്ട എം എൽ എ നടത്തിയിരിക്കുന്നത്. ഇത് സമൂഹത്തിലെ സ്ത്രീകളുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനും മാധ്യമപ്രവർത്തനത്തെ ഇകഴ്ത്തി കാണിക്കുക എന്ന മനപൂർവ്വമുള്ള ലക്ഷ്യം വച്ചിട്ടുള്ളതാണ്. സ്ത്രീകളെയും മാധ്യമ പ്രവർത്തകരെയും അവഹേളിക്കുകയും പൊതു സമൂഹത്തിൽ മാനഹാനി വരുത്തുകയും ചെയ്യുക എന്ന മനപൂർവ്വമുള്ള ഉദ്ദേശ്യത്തോടെ നടത്തിയ ഈ പരാമർശങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമം IPC 354-A(1)(IV), 294(b), IT Act 67 D എന്നീ വകുപ്പുകൾ അനുസരിച്ച് ശിക്ഷാർഹമാണ്. ഒരു ജന പ്രതിനിധി സമൂഹത്തിന് വഴിക്കാട്ടിയും മാതൃകയും ആകേണ്ടവരാണ്. അതിനു പകരം ഇത്തരം അശ്ശീല പദപ്രയോഗങ്ങൾ സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന സ്ത്രീകൾക്കും മാധ്യമ പ്രവർത്തകർക്ക് നേരെയും ഉപയോഗിക്കുന്നത് അപലപനീയമാണ്.

എം എൽ എ യുടെ സംഭാഷണം അടങ്ങിയ ഫേസ് ബുക്ക് പേജിന്റെ ലിങ്ക് ഈ പരാതി ക്കൊപ്പം ചേർത്തിട്ടുണ്ട് ആയതിനാൽ ബഹു പ്രതിഭാ എം എൽ എ ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണ മെന്ന് അഭ്യർത്ഥിക്കുന്നു.

Link:

https://www.facebook.com/advprathibha/

എന്ന്

വിനയപൂർവ്വം

അഡ്വ: എ എം രോഹിത്

സെക്രട്ടറി, യൂത്ത് കോൺഗ്രസ്

സംസ്ഥാന കമ്മിറ്റി, കേരള

Copy To

ബഹു. കേരള മുഖ്യമന്ത്രി

ബഹു. പ്രതിപക്ഷ നേതാവ്

ബഹു. വനിതാ കമ്മീഷൻ കേരള

Tags: