കുളത്തില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്തിയ പോലിസ് ഉദ്യോഗസ്ഥന് ഡിജിപിയുടെ പാരിതോഷികം

കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ യുവാവിനെയാണ് മേല്‍പ്പറമ്പ പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ കെ രഞ്ജിത്ത് കുമാര്‍ കുളത്തില്‍ചാടി രക്ഷപ്പെടുത്തിയത്.

Update: 2020-06-27 17:41 GMT

തിരുവനന്തപുരം: പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന 19കാരനെ രക്ഷപ്പെടുത്തിയ സിവില്‍ പോലിസ് ഓഫിസര്‍ക്ക് 5,000 രൂപ പാരിതോഷികവും മെറിറ്റോറിയസ് സര്‍വീസ് എന്‍ട്രിയും നല്‍കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്റ ഉത്തരവിട്ടു. കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ യുവാവിനെയാണ് മേല്‍പ്പറമ്പ പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ കെ രഞ്ജിത്ത് കുമാര്‍ കുളത്തില്‍ചാടി രക്ഷപ്പെടുത്തിയത്.

കുളത്തില്‍ യുവാക്കള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നീന്തല്‍ പരിശീലനം നടത്തുന്നതറിഞ്ഞാണ് എസ്‌ഐ എം പി പത്മനാഭന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ കെ രഞ്ജിത്ത്കുമാര്‍, എം വി കൃപേഷ് എന്നിവര്‍ അടങ്ങിയ പോലിസ് സംഘം സ്ഥലത്തെത്തിയത്. കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഫിറോസ് എന്ന യുവാവ് മുങ്ങിത്താഴുകയായിരുന്നു. ഈ കാഴ്ചകണ്ടാണ് യൂനിഫോമില്‍തന്നെ രഞ്ജിത്ത് കുളത്തില്‍ ചാടിയത്.

മൂന്നുനാല് തവണ മുങ്ങിത്തപ്പിയതിനുശേഷം മാത്രമേ കുളത്തിന്റെ അടിത്തട്ടില്‍നിന്ന് യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. കരയ്ക്കെത്തിച്ച് കൃത്രിമശ്വാസം നല്‍കിയശേഷമാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എസ്‌ഐ എം പി പത്മനാഭന്‍, സിവില്‍ പോലിസ് ഓഫിസര്‍ എം വി കൃപേഷ് എന്നിവരുടെ സഹായത്തോടെയാണ് യുവാവിനെ പോലിസ് വാഹനത്തില്‍തന്നെ ആശുപത്രിയിലെത്തിച്ചത്. 

Tags: