കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാവലംപാറ സ്വദേശിയായ ബിജോ (36) ആണ് മരിച്ചത്. കാറിന്റെ ഗ്ലാസ് പൊട്ടിച്ച് ബിജോയെ പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തൊട്ടില്‍പ്പാലം ടൗണിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലെ ഡ്രൈവര്‍ സീറ്റില്‍ ബിജോ ഏറെ നേരം ഇരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ദീര്‍ഘനേരം കഴിഞ്ഞിട്ടും യാതൊരു അനക്കവുമില്ലാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ബിജോ അബോധാവസ്ഥയിലാണെന്ന് കണ്ടെത്തിയത്.
കാറിന്റെ വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഗ്ലാസ് തകര്‍ത്ത് ബിജോയെ പുറത്തെടുക്കുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.
ബെംഗ്ലൂരില്‍ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്ന ബിജോ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അവധിക്കായി നാട്ടിലെത്തിയത്. തൊട്ടില്‍പ്പാലം പോലിസ് നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
