മിനി പിക്കപ്പ് വാനും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Update: 2019-10-08 05:35 GMT

കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് ആലക്കോട് മലയോര ഹൈവേയില്‍ അണ്ടിക്കളത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പന്നിയൂര്‍ പളളിവയല്‍ ഇടുകുഴിയിലെ തമ്പിലാന്‍ ഹൗസില്‍ ജിജി ജോസ്-രജനി ദമ്പതികളുടെ ഏകമകന്‍ ജിതിന്‍കുമാറാ(22)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11ഓടെയാണ് അപകടം. തളിപ്പറമ്പില്‍നിന്നു പന്നിയൂരിലേക്ക് പോവുകയായിരുന്ന മാക്‌സിമോ മിനി പിക്കപ്പ് വാനും ആലക്കോട് നിന്നു തളിപ്പറമ്പിലേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാനിനുള്ളില്‍ കുടിങ്ങിപ്പോയ ജിതിനെ തളിപ്പറമ്പില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പന്നിയൂര്‍ ഫാമിലെ ജീവനക്കാരി രജനിയാണ് മാതാവ്. മൃതദേഹം പന്നിയൂര്‍ എല്‍പി സ്‌കൂള്‍ പരിസരത്തും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിനു വച്ച ശേഷം ഉച്ചയ്ക്കു രണ്ടിനു കാലിക്കടവ് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.



Tags: