കൊല്ലത്ത് വിവാഹ വീട്ടിൽ യുവാവിനെ അടിച്ചു കൊന്നു

വിവാഹത്തലേന്ന് നടന്ന സത്കാരത്തിനിടെ വിവാഹ വീട്ടിൽ എത്തിയ അതിഥികളും പ്രദേശവാസികളുമായുണ്ടായ വാക്കുതർക്കമാണ് കൂട്ടത്തല്ലിലും കൊലപാതകത്തിലും കലാശിച്ചത്.

Update: 2021-02-05 14:20 GMT

കൊല്ലം: കൊല്ലം തട്ടാരമ്പലം സ്വദേശി രഞ്ജിത്ത് (33) ആണ് മരിച്ചത്. സംഭവത്തിൽ വരന്‍റെ പിതാവ് ഉൾപ്പടെ 10 പേർക്കെതിരേ പോലിസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഇതിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്.

ജനുവരി 26ന് മാവേലിക്കരയ്ക്ക് സമീപം കോഴിപ്പാലത്താണ് സംഭവം. വിവാഹത്തലേന്ന് നടന്ന സത്കാരത്തിനിടെ വിവാഹ വീട്ടിൽ എത്തിയ അതിഥികളും പ്രദേശവാസികളുമായുണ്ടായ വാക്കുതർക്കമാണ് കൂട്ടത്തല്ലിലും കൊലപാതകത്തിലും കലാശിച്ചത്. വരന്‍റെ പിതാവ് നെൽസണ്‍ ജോലി ചെയ്യുന്ന കൊല്ലത്തു നിന്നും എത്തിയ സഹപ്രവർത്തകരുടെ ആഘോഷം റോഡിലേക്ക് നീണ്ടത് പ്രദേശവാസികൾ ചോദ്യം ചെയ്തു.

പിന്നാലെയാണ് നെൽസണും സഹപ്രവർത്തകരും ചേർന്ന് കമ്പിയും വടികളും ഉപയോഗിച്ച് ചോദ്യം ചെയ്തവരെ ആക്രമിക്കുകയായിരുന്നു. സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ രഞ്ജിത്തിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 30ന് പുലർച്ചെ മരിച്ചു.

സംഭവത്തിൽ പോലിസ് ആദ്യം വധശ്രമത്തിന് കേസെടുത്തിരുന്നു. യുവാവ് മരിച്ചതിന് പിന്നാലെ പോലിസ് പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പിടികിട്ടാനുള്ള ആറ് പേർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലിസ് അറിയിച്ചു