'യേശുദാസ് ഇതുവരെ സമീപിച്ചിട്ടില്ല', അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തില്‍ തീരുമാനം സര്‍ക്കാരിന്റേത്; ഗുരുവായൂര്‍ തന്ത്രി
കൊച്ചി: കേരളത്തിലെ ക്ഷേത്രത്തില്‍ അഹിന്ദുകള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ തലത്തിലെന്ന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചെന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്. മുന്‍കാലങ്ങളില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ക്ഷേത്ര പ്രവേശന വിളംബരത്തിന് ശേഷമാണ് ഇത് സാധ്യമായത്. ഇത്തരം വിഷയങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കേണ്ടതാണ്. അതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും തന്ത്രി പറഞ്ഞു.
ഗായകന്‍ യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം സംബന്ധിച്ചും തന്ത്രി നിലപാട് വ്യക്തമാക്കി. ഗുരുവായൂരില്‍ ദര്‍ശനം നടത്തണം എന്ന് യേശുദാസ് ഇന്നുവരെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഈശ്വര്‍ അനുഗ്രഹിച്ച കലാകാരനാണ് അദ്ദേഹം. പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് യേശുദാസിനെ ക്ഷണിച്ചിട്ടും അദ്ദേഹം പോയില്ല. അവരുടെ മതം അനുസരിച്ച് അത്തരം ഒരു ദര്‍ശനത്തിന് മുതിരില്ല. അവരുടെ മതത്തില്‍ എതിര്‍പ്പുയരും എന്നും തന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം ഉണ്ടായാല്‍ ചെലപ്പോള്‍ പോയേക്കും. ആറന്‍മുള ക്ഷേത്രത്തില്‍ യേശുദാസ് പോയതും ബലിക്കല്ല് വരെ മാത്രമായിരുന്നു. പോയത് എന്നും ക്ഷേത്രം തന്ത്രി വ്യക്തമാക്കുന്നു.
യൂസഫലി കേച്ചേരി ക്ഷേത്രത്തില്‍ വന്ന് തൊഴുത് പോകാറുണ്ടായിരുന്നു. തികഞ്ഞ ഭക്തനാണ് അദ്ദേഹം. അത്തരത്തില്‍ നിരവധി പേര്‍ വന്ന് പോകുന്നുണ്ട്. തന്നെ പഠിപ്പിച്ചിരുന്ന ഒരു അധ്യാപിക ഇത്തരത്തില്‍ ക്ഷേത്രത്തില്‍ വരാറുണ്ടായിരുന്നു. താന്‍ ഉണ്ടാകുമ്പോള്‍ വരരുത് എന്ന് ടീച്ചറോട് ആവശ്യപ്പെട്ടിരുന്നു, അത് തനിക്ക് വിഷമം ആകുമെന്ന് പറഞ്ഞിരുന്നു എന്നും ക്ഷേത്രം തന്ത്രി പറഞ്ഞു. അരാണ് യഥാര്‍ഥ ഭക്തന്‍ എന്ന് തിരിച്ചറിയാന്‍ കഴിയില്ല. ഹിന്ദു - അഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉണ്ടാകുന്ന കുട്ടികളുടെ ക്ഷേത്ര പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സുപ്രിം കോടതിയില്‍ നിന്ന് പോലും മറുപടി ലഭിച്ചിട്ടില്ലെന്നും തന്ത്രി പറയുന്നു.
