എംഎന്‍ വിജയന്റെ മകന്‍ വിഎസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്; പോലിസ് അന്വേഷണം തുടങ്ങി

Update: 2026-02-19 08:37 GMT

കണ്ണൂര്‍: എഴുത്തുകാരനും കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്റ് സര്‍വീസസ് മുന്‍ ഡയറക്ടറുമായ വിഎസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത് വച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ സിപിഎം വിമതന്‍ വി കുഞ്ഞികൃഷ്ണന്‍ രചിച്ച 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചതിന് പിന്നാലെ ഭീഷണി എന്ന നിലയിലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

കണ്ണപുരത്തെ മരുതം എന്ന വീടിന്റെ ഗേറ്റിന് മുന്നിലായാണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. മകനെ ഫുട്‌ബോള്‍ പരിശീലനത്തിന് വിടുന്നതിനായി രാവിലെ വാതില്‍ തുറന്നപ്പോഴാണ് ഗേറ്റിന് സമീപം റീത്ത് വച്ചിരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിവരം പോലിസിനെ അറിയിക്കുകയും തുടര്‍ന്ന് പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു.

ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റീത്ത് വച്ചതെന്നാണ് സംശയിക്കുന്നത്. അനില്‍കുമാറിന് മറ്റാരുമായും വ്യക്തിവിരോധമോ ശത്രുതയോ ഇല്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ഈ അടുത്ത കാലത്തെ നിലപാടുകള്‍ ചിലരെ പ്രകോപിപ്പിച്ചിട്ടുണ്ടാകാമെന്നുമാണ് സുഹൃത്തുക്കളും നാട്ടുകാരും വ്യക്തമാക്കുന്നത്. ജോസഫ് സി മാത്യു പ്രകാശനം ചെയ്ത വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചത് വിഎസ് അനില്‍കുമാര്‍ ആയിരുന്നു.

പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയായിരുന്ന അന്തരിച്ച പ്രൊഫസര്‍ എംഎന്‍ വിജയന്റെ മകനായ അനില്‍കുമാര്‍, സിപിഎം നേതൃത്വത്തിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയാണ്. കണ്ണപുരത്ത് നടന്ന ചടങ്ങില്‍ വച്ച് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ പാര്‍ട്ടി നേതൃത്വത്തെ അണികള്‍ തിരുത്തണമെന്ന ആഹ്വാനം ഇദ്ദേഹം നടത്തിയിരുന്നു. ജനാധിപത്യപരമായ രീതിയില്‍ പാര്‍ട്ടിയിലെ പോരായ്മകളെ ചൂണ്ടിക്കാട്ടുന്ന അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരെ ഒരുകൂട്ടം ആളുകള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് വീടിന് മുന്നിലെ റീത്ത് സമര്‍പ്പണം എന്നാണ് വിലയിരുത്തപ്പെടുന്നത്. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം ഭീഷണികള്‍ അതീവ ഗൗരവത്തോടെയാണ് പോലിസ് കാണുന്നത്.റീത്ത് വച്ച സംഭവത്തോടൊപ്പം പയ്യന്നൂരില്‍ ടിഐ മധുസൂദനന്‍ എംഎല്‍എക്കെതിരെ വി കുഞ്ഞികൃഷ്ണനെ സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള നീക്കവും വിമതര്‍ സജീവമാക്കിയതോടെ ജില്ലയിലെ സിപിഎം രാഷ്ട്രീയം കലുഷിതമാവുകയാണ്.