ഇന്ന് ലോക നഴ്‌സസ് ദിനം: കൊവിഡ് വാര്‍ഡിലെ മാലാഖമാര്‍; സര്‍വവും ത്യജിച്ച സമര്‍പ്പിത ജീവിതം

കൊവിഡ് ഡ്യൂട്ടിയ്ക്കായി വിവിധ ഷിഫ്റ്റുകളില്‍ 75 നഴ്‌സുമാരാണ് മെഡിക്കല്‍ കോളജില്‍ ജോലിചെയ്യുന്നത്.

Update: 2020-05-12 04:20 GMT

തിരുവനന്തപുരം: കഴിഞ്ഞ രണ്ടരമാസത്തിലേറെയായി ഈ മാലാഖമാര്‍ അവര്‍ക്കൊപ്പമാണ്. കൊവിഡ് ഡ്യൂട്ടിയ്ക്ക് തയ്യാറാവാന്‍ മേലധികാരികള്‍ നിര്‍ദേശം നല്‍കുമ്പോള്‍ രോഗീപരിചരണമെന്ന സമര്‍പ്പിത ജീവിതത്തിന്റെ ഒരേട് അവരിലേയ്ക്ക് വന്നുചേരുകയായിരുന്നു. കൊവിഡ് ഡ്യൂട്ടിയ്ക്കായി വിവിധ ഷിഫ്റ്റുകളില്‍ 75 നഴ്‌സുമാരാണ് മെഡിക്കല്‍ കോളജില്‍ ജോലിചെയ്യുന്നത്. കാസര്‍ഗോഡ് മിഷന്റെ ഭാഗമായി ഡ്യൂട്ടി നിശ്ചയിച്ചുനല്‍കിയപ്പോഴും സന്തോഷപൂര്‍വം സ്വീകരിക്കുകയും അന്യജില്ലയിലായിട്ടുപോലും യാതൊരു അങ്കലാപ്പുമില്ലാതെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചെത്തിയ നഴ്‌സുമാരും നമുക്ക് അഭിമാനമാണ്.

മെയ് 12ന് നഴ്‌സസ് ദിനമാചരിക്കുമ്പോഴും തങ്ങളുടെ ദൗത്യനിര്‍വഹണത്തില്‍ മുഴുകിയിരിക്കുകയാണ്. വധ്യവയോധികര്‍ മുതല്‍ ബാല്യം വിടാത്ത കുട്ടികള്‍വരെ അവരുടെ സംരക്ഷണയിലാണ്. സുരക്ഷാകവചങ്ങള്‍ക്കുള്ളിലും മുഖാവരണത്തിനുള്ളിലും വിയര്‍ത്തൊലിച്ച് നില്‍ക്കുമ്പോഴും അവരുടെ കണ്ണുകളില്‍ നിന്നുതിരുന്ന സ്‌നേഹവായ്പ് രോഗികള്‍ക്ക് തിരിച്ചറിയാന്‍ അധികം പ്രയാസമൊന്നുമുണ്ടാവാറില്ല. മുലകുടി മാറാത്ത കുട്ടികള്‍ ഉളളവര്‍ വരെ ഡ്യൂട്ടിയെടുക്കുന്നുണ്ട്. സ്വയം താല്‍പര്യം പ്രകടിപ്പിച്ചെത്തിയവരും ഇക്കൂട്ടത്തിലുണ്ട്.

മക്കളെ അകലെ നിന്നും കണ്ട് സായൂജ്യമടഞ്ഞും കുടുംബാംഗങ്ങളെ ബന്ധുവീടുകളില്‍ വിട്ട ശേഷം ഒറ്റയ്ക്ക് വീട്ടില്‍ ക്വാറന്റൈന്‍ തിരഞ്ഞെടുത്തവരും ഈ മാലാഖമാരുടെ കൂട്ടത്തിലുണ്ട്. കൊവിഡ് വാര്‍ഡിലെ പരിചരണങ്ങളില്‍ ലവലേശം കുറവുവന്നാല്‍ അത് സ്വന്തം കുടുംബാംഗങ്ങളില്‍ വരുത്തിയ വീഴ്ചയായി കണക്കാക്കിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ചികില്‍സ കഴിഞ്ഞിറങ്ങുന്നവരുടെ പ്രതികരണങ്ങളിലും വിലമതിക്കാനാവാത്ത ആ പരിചരണത്തിന്റെ സാന്ത്വനസ്പര്‍ശം പ്രതിഫലിക്കുന്നു. നാടാകെ സമ്പൂര്‍ണസൗഖ്യം നേടുംവരെ കഷ്ടപ്പാടുകള്‍ മറന്ന്, കുടുംബാംഗങ്ങളെ മറന്ന് ഈ മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടം അവര്‍ തുടരുകയാണ്. 

Tags:    

Similar News