ശബരിമലയിലെ സ്ത്രീപ്രവേശനം; സര്‍ക്കാരിനെ വിമര്‍ശിച്ച പ്രേമചന്ദ്രന് മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ച എന്‍ കെ പ്രേമചന്ദ്രന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. ഇതിനെതിരേ സമൂഹമാധ്യമങ്ങളിലൂടെയാണ് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചത്.മനോഹരമായ ആ പേര് ഒരാളില്‍ മാത്രം വിഷചന്ദ്രന്‍ എന്നായിരിക്കുമെന്നാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ബിന്ദു അമ്മിണിയും പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. ബീഫ് എനിക്കിഷ്ടമാണ് പക്ഷേ പൊറോട്ട വേണ്ട, കപ്പ ആകാം, കപ്പയും ബീഫും സൂപ്പറാണ് എന്നാണ് ബിന്ദു അമ്മിണി സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.
പൊറോട്ടയും ബീഫും കൊടുത്ത് ബിന്ദു അമ്മിണിയെയും രഹ്ന ഫാത്തിമയെയും ശബരിമലയില്‍ എത്തിച്ച പിണറായി സര്‍ക്കാരാണ് അയ്യപ്പ സംഗമം നടത്തിയതെന്നാണ് പ്രേമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നത്. യുഡിഎഫ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് നടത്തിയ വിശ്വാസ സംരക്ഷണയാത്രയുടെ സമാപന യോഗത്തിലായിരുന്നു പരാമര്‍ശം.
ശബരിമല വിശ്വാസത്തെ വികലമാക്കാന്‍ വനിതകളെ കൊണ്ടുവന്ന് ഗസ്റ്റ്ഹൗസില്‍ പാര്‍പ്പിച്ച്, ബീഫും പൊറോട്ടയും കഴിപ്പിച്ച്, പോലിസിന്റെ എസ്‌കോര്‍ട്ടോടെ മലകയറിച്ച് വിശ്വാസത്തെ അവഹേളിച്ച പിണറായി സര്‍ക്കാരിന്റെ നിന്ദ്യവും ഹീനവുമായ നീക്കം കേരളം ഒരിക്കലും മറക്കില്ല എന്ന് പ്രേമചന്ദ്രന്‍ ഫെയ്‌സ്ബുക്കിലും കുറിച്ചിരുന്നു.
