വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണം: ജബീന ഇർഷാദ്

മനുഷ്യത്വ വിരുദ്ധമായ ധാർഷ്ട്യം കലർന്ന അധിക്ഷേപ വാക്കുകളാണ് ഒരു വനിതാകമ്മീഷൻ അധ്യക്ഷയിൽനിന്നുണ്ടായത് എന്നത് ഗൗരവതരമാണ്.

Update: 2021-01-23 17:50 GMT

കോഴിക്കോട്: വനിതാകമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് തികച്ചും നിരുത്തരവാദപരമായി പെരുമാറുകയും സ്ത്രീവിരുദ്ധമായ പ്രസ്താവനകൾ നിരന്തരം നടത്തുകയും ചെയ്യുന്ന എംസി ജോസഫൈനെ പുറത്താക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു.

പ്രായാധിക്യവും രോഗവും മൂലം കിടപ്പിലായ സ്ത്രീക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരേ ശക്തമായി നിലകൊണ്ട് പരാതിക്കാരിയുടെ അടുത്തെത്തി അനുഭാവപൂർവം പരിഗണിക്കേണ്ടതിനു പകരം മനുഷ്യത്വ വിരുദ്ധമായ ധാർഷ്ട്യം കലർന്ന അധിക്ഷേപ വാക്കുകളാണ് ഒരു വനിതാകമ്മീഷൻ അധ്യക്ഷയിൽനിന്നുണ്ടായത് എന്നത് ഗൗരവതരമാണ്.

പ്രായാധിക്യത്തെ അനുഭാവപൂർവം പരിഗണിക്കേണ്ടതിനുപകരം അവഗണിക്കുകയും പുഛിക്കുകയും ചെയ്യുന ധാർഷ്ഠ്യപരമായ സമീപനമാണിത്. സ്ത്രീകളുടെ നീതിക്ക് വേണ്ടി നിലകൊള്ളേണ്ട വനിതാകമ്മീഷൻ എന്ന പൊതുസംവിധാനത്തെ പാർട്ടി-വ്യക്തി താൽപര്യങ്ങളുടെ സംരക്ഷണ കമ്മീഷനാക്കുന്നത് കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.