മാധ്യമപ്രവര്‍ത്തകനുനേരേ വനിതാ കോണ്‍സ്റ്റബിളിന്റെ മര്‍ദനവും അസഭ്യവര്‍ഷവും

ജയ്ഹിന്ദ് ടിവി കാമറാമാന്‍ ബിബിന്‍കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. കാമറാമാന്റെ മുഖത്തടിച്ച വനിതാ കോണ്‍സ്റ്റബിള്‍ ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

Update: 2019-11-07 07:03 GMT

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വനിതാ പോലിസ് കോണ്‍സ്റ്റബിള്‍ മര്‍ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തതായി പരാതി. ജയ്ഹിന്ദ് ടിവി കാമറാമാന്‍ ബിബിന്‍കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. കാമറാമാന്റെ മുഖത്തടിച്ച വനിതാ കോണ്‍സ്റ്റബിള്‍ ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു. നിയമസഭാ വാര്‍ത്ത കവര്‍ചെയ്യാനെത്തിയ സംഘത്തിന് നേരെയായിരുന്നു യാതൊരു പ്രകോപനവുമില്ലാതെയുള്ള അതിക്രമം. ബിബിന്‍കുമാറിന് നേരെ ചീറിയെത്തി മുഖത്തടിക്കുകയും കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവും പറയുന്ന വനിതാ ഉദ്യോഗസ്ഥ കാമറയും മൈക്കും തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി.

വനിതാ ഉദ്യോഗസ്ഥയോട് കാരണമെന്തെന്ന് ചോദിച്ച ഡ്രൈവര്‍ രവികുമാറിനെയും വെറുതെ വിട്ടില്ല. ഇതിനിടയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് മനസ്സിലാക്കിയ വനിതാ ഉദ്യോഗസ്ഥ 'തനിക്ക് ആരെയും ഭയമില്ലെന്നും നീ എടുക്കൊ' എന്ന് അക്രോശിക്കുകയും ചെയ്തതായി ബിബിന്‍ പറയുന്നു. സഹപ്രവര്‍ത്തകരെത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്. പോവുന്ന വഴിക്കും ഇവര്‍ അസഭ്യവര്‍ഷ്യം തുടര്‍ന്നു. ഇവര്‍ക്കെതിരേ നിയമ നടപടിയാവശ്യപ്പെട്ട് മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ബിബിന്‍.

Tags:    

Similar News