സ്ത്രീയുടെ വളര്‍ച്ചയക്ക് തടസമാകുന്നത് നൂറ്റാണ്ടുകളുടെ പിന്‍ബലമുള്ള അച്ചടക്കവാള്‍: വനിതാ കമ്മീഷന്‍

ലോകമൊന്നാകെ സ്ത്രീകള്‍ ദ്രോഹത്തിനിരയാകുകയാണ്. ഉന്നത വിദ്യാഭ്യസമുള്ള സ്ത്രീകള്‍ പോലും വനിതാ കമ്മീഷനില്‍ പരാതിയുമായി എത്തുന്നുണ്ട്. വിദ്യാഭ്യാസം നേടിയതുകൊണ്ട് മാത്രം കാര്യമില്ല. സമൂഹം അടിച്ചേല്‍പ്പിച്ച അടിമത്തമനോഭാവത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റാലേ ശാക്തീകരണം സാധ്യമാകൂവെന്നും ജോസഫൈന്‍

Update: 2019-03-07 15:14 GMT

കൊച്ചി: നൂറ്റാണ്ടുകളുടെ പിന്‍ബലമുള്ള അച്ചടക്കത്തിന്റെ വാളാല്‍ സ്ത്രീയെ അടിച്ചമര്‍ത്തുന്ന സമ്പ്രദായമാണ് ഇന്നും സ്ത്രീയുടെ വളര്‍ച്ചയ്ക്ക് തടസം സൃഷ്ടിക്കുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിതാകമ്മീഷന്‍ സംഘടിപ്പിച്ച മെഗാ വനിതാ കൂട്ടായ്മ എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ലോകമൊന്നാകെ സ്ത്രീകള്‍ ദ്രോഹത്തിനിരയാകുകയാണ്. ഉന്നത വിദ്യാഭ്യസമുള്ള സ്ത്രീകള്‍ പോലും വനിതാ കമ്മീഷനില്‍ പരാതിയുമായി എത്തുന്നുണ്ട്. വിദ്യാഭ്യാസം നേടിയതുകൊണ്ട് മാത്രം കാര്യമില്ല. സമൂഹം അടിച്ചേല്‍പ്പിച്ച അടിമത്തമനോഭാവത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റാലേ ശാക്തീകരണം സാധ്യമാകൂവെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി. സാര്‍വദേശീയ ദിനാചരണം നടത്തുന്ന സംഘടനകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. എന്നാല്‍ സ്ത്രീകളോടുള്ള വിവേചനത്തില്‍ മാറ്റമില്ല. മാത്രമല്ല പ്രായമായവരെ നടതള്ളുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വനിതകള്‍ സ്വതന്ത്രരാകണമെങ്കില്‍ അതിനനുസരിച്ച് വിദ്യാഭ്യാസം നേടണമെന്നും അപ്പോഴാണ് പ്രതിസന്ധിയെ നേരിട്ട് ഉന്നതിയില്‍ എത്തിച്ചേരാനാവുകയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് വീട്ടില്‍ ലഭിക്കുന്ന സ്ഥാനം ഉയര്‍ത്താനും സാമ്പത്തികമായി സ്വയം പര്യാപ്തരാക്കാനും തുടങ്ങിയ കുടുംബശ്രീ ഈ ഉദ്ദേശം കൈവരിച്ചിട്ടുണ്ട്. ഇനി സാമ്പത്തികത്തിനൊപ്പം ലിംഗസമത്വവും ഉണ്ടാകണം. അറിവു വഴി ശക്തയായാല്‍ ആരും അവളെ ഉപദ്രവിക്കാന്‍ തയാറാവുകയില്ല. ശാരീരികമായി ബലക്കുറവ് ഉണ്ടെങ്കിലും പല മേഖലയിലും ഒരേ സമയം പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവളാണ് സ്ത്രീ. അത് സത്രീ മനസിലാക്കുന്നില്ല. ബുദ്ധിയുണ്ടെങ്കില്‍ എല്ലാ ശാരീരിക വെല്ലുവിളികളെയും നേരിടാന്‍ കഴിയും. സ്ത്രീ ശാക്തീകരണം എന്നത് സത്രീ, പുരുഷനാകാന്‍ ശ്രമിക്കുന്നതല്ല. സ്വന്തം ശക്തി സ്വയം ശക്തി തിരിച്ചറിയുന്നതാണെന്നൂം മേയര്‍ ചൂണ്ടിക്കാട്ടി. 96 -ാം വയസില്‍ സാക്ഷരത പരീക്ഷയില്‍ ഒന്നാമതെത്തിയ കാര്‍ത്ത്യായനി അമ്മ, മല്‍സ്യബന്ധനത്തിനുള്ള ലൈസന്‍സ് ആദ്യമായി കരസ്ഥമാക്കിയ ഇന്ത്യന്‍ വനിത രേഖാ കാര്‍ത്തികേയന്‍, അഗസ്ത്യമല ചവിട്ടിയി ധന്യാ സനല്‍, മീന്‍ കച്ചവടത്തിലൂടെ പണം കണ്ടെത്തി സ്വന്തമായി പഠിക്കുന്ന ഹനാന്‍, സൈബര്‍ ആക്രമണത്തെ അതി ജീവിച്ച ശോഭ, ഭാരോദ്വഹന വിജയി സ്റ്റീന റെബല്ലോ, കരാട്ടെയില്‍ ഒന്നാം സ്ഥാനം നേടിയ ബിന്ദു സത്യനാഥന്‍ എന്നിവരെയും 75 വയസിനു മുകളില്‍ പ്രായമുള്ള 50 സ്ത്രീകളെയും ചടങ്ങില്‍ ആദരിച്ചു.

ഹൈബി ഈഡന്‍ എം എല്‍ എ പുരസ്‌ക്കാര വിതരണം നടത്തി, വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എം എസ് താര, ഇ എം രാധ, ഡോ. ഷാഹിദ കമാല്‍, മെംബര്‍ സെക്രട്ടറി പി ഉഷാറാണി, വനിതാ വികസന കേര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ എസ് സലീഖ,വനിതാ കമ്മീഷന്‍ മെംബര്‍ അഡ്വ. ഷിജി ശിവജി,പി ആര്‍ ഒ കെ ദീപ സംസാരിച്ചു. 

Tags:    

Similar News