കായലോട് യുവതിയുടെ ആത്മഹത്യ; സദാചാര മുദ്ര കുത്തി രാഷ്ട്രീയവല്‍ക്കരിച്ച സിപിഎം-പോലിസ് -മാധ്യമ നുണക്കഥകള്‍ പൊളിഞ്ഞു
കണ്ണൂര്‍: ധര്‍മടം മണ്ഡലത്തിലെ പിണറായി പോലിസ് സ്റ്റേഷന്‍ പരിധിയിലെ കായലോട് പറമ്പായിയില്‍ ഭര്‍തൃമതി ആത്മഹത്യ ചെയ്ത സംഭവത്തെ സദാചാര പോലിസ് മുദ്രകുത്തി രാഷ്ട്രീയവല്‍ക്കരിച്ചത് സിപിഎം-പോലിസ് ഗൂഢാലോചനയെന്ന് വ്യക്തമാവുന്നു. പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളുടെ മാതാവുമായ റസീന മന്‍സിലില്‍ റസീന(40) വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തെയാണ് പ്രദേശത്തെ ചില സിപിഎം നേതാക്കളും പോലിസും ചേര്‍ന്ന് രാഷ്ട്രീയവല്‍ക്കരിച്ച് മുതലെടുപ്പിന് ശ്രമിച്ചത്. മാധ്യമങ്ങളാവട്ടെ പോലിസ് ഭാഷ്യം അപ്പടി പകര്‍ത്തി സദാചാര ഗുണ്ടായിസം എന്ന രീതിയില്‍ പൊടിപ്പും തൊങ്ങലും വച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെടുത്തി ആത്മഹത്യ ചെയ്ത യുവതിയുടെ മാതൃസഹോദരി പൗത്രന്‍ ഉള്‍പ്പെടെ അടുത്ത ബന്ധുക്കളായ മൂന്നു പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവരില്‍ ചിലര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് മനസ്സിലാക്കിയ പ്രദേശത്തെ സിപിഎം നേതാക്കളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വിഷയത്തെ സദാചാര പോലിസിങായി ആദ്യം ചിത്രീകരിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് പോലിസ് പിന്നീട് അന്വേഷണം നടത്തിയത്. പോലിസ് ഭാഷ്യം മാധ്യമങ്ങള്‍ ഏറ്റെടുത്ത് താലിബാനിസം, ഭീകരവാദം, ആള്‍ക്കൂട്ട വിചാരണ, സദാചാര ഗുണ്ടായിസം തുടങ്ങിയ പതിവു പല്ലവികളുമായി 'ആഘോഷം' തുടങ്ങിയതോടെ ഇതിന് എരിവും പുളിയും ചേര്‍ത്ത് പി കെ ശ്രീമതി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളും രംഗത്തെത്തി.
പോലിസാവട്ടെ സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരല്ലാത്തവരെ അറസ്റ്റ് ചെയ്യാതെ സിപിഎം ആരോപണങ്ങള്‍ക്ക് സഹായകമായ നിലയില്‍ പ്രവര്‍ത്തിച്ചു. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ മാതാപിതാക്കളുടെ മകളാണ് മരിച്ചത് എന്നറിഞ്ഞിട്ടും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചത്. മരണപ്പെട്ട റസീനയുടെ മാതാവ് തന്നെ ഇന്ന് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയതോടെ സിപിഎമ്മിന്റെ കള്ളക്കളി നാട്ടുകാര്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് റസീനയെയും മയ്യില്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ കൊളച്ചേരി പള്ളിപ്പറമ്പ് സ്വദേശിയായ പേരിക്കണ്ടി ഹൗസില്‍ പി കെ റഹീസിനെയും ദുരൂഹ സാഹചര്യത്തില്‍ കാറില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് റസീനയുടെ ബന്ധുക്കളും നാട്ടുകാരുമായ യുവാക്കള്‍ സ്ഥലത്തെത്തി. യുവതിയെ വീട്ടിലെത്തിച്ച ശേഷം യുവാവിന്റെ സഹോദരനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ അവതരിപ്പിച്ച് വാഹനം കൈമാറുകയായിരുന്നു. കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെംബറുമായ അഷ്റഫിനും പൊതുപ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് യുവാവിന്റെ സഹോദരന്‍ എത്തിയത്. തന്നെ ആരെങ്കിലും മര്‍ദ്ദിക്കുകയോ പണമോ മറ്റോ വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ഇവരുടെ മുന്നില്‍ വച്ച് റഹീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ തെളിവുകള്‍ പോലിസിന് ലഭിച്ചിട്ടും സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങുകയാണ് പോലിസ് ചെയ്തത്. യുവാവിന് മര്‍ദ്ദനമേറ്റതിന്റെ യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. എന്നാല്‍ മാധ്യമങ്ങളാവട്ടെ, ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് വ്യാജവാര്‍ത്ത നല്‍കിയത്. ചില മാധ്യമങ്ങള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു എന്നു വരെ വ്യാജ വാര്‍ത്ത നല്‍കിയിരുന്നു.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ മാതാവ് തന്നെ, നിരപരാധികളായ യുവാക്കളെ പാര്‍ട്ടിക്കാര്‍ കുടുക്കിയതാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയതോടെ പോലിസ്-മാധ്യമ നുണക്കഥകളും പൊളിഞ്ഞിരിക്കുകയാണ്. യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ യുവാവ് കൈക്കലാക്കിയതായും സാമ്പത്തിക ചൂഷണം ഉള്‍പ്പെടെ നടത്തിയതായും മാതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരില്‍നിന്നായി യുവതി പണം വാങ്ങിയെന്നും സ്വര്‍ണാഭരണങ്ങളൊന്നും കാണുന്നില്ലെന്നുമാണ് മാതാവ് വ്യക്തമാക്കിയത്.
യുവാവിന്റെ നാട്ടിലെ പൊതുപ്രവര്‍ത്തകരുടെയും യുവതിയുടെ ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടും മാധ്യമങ്ങള്‍ പ്രചരിപ്പിച്ച താലിബാനിസം, ആള്‍ക്കൂട്ട മര്‍ദ്ദനം, സദാചാര ഗുണ്ടായിസം തുടങ്ങിയ വാദങ്ങള്‍ നിഷേധിക്കാതെ സിപിഎം തിരക്കഥയനുസരിച്ചാണ് പോലിസ് കമ്മീഷണറും അന്വേഷണം നടത്തുന്നത്. യുവതിയുടെ മാതാവ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കുന്നതിന് പകരം, പ്രദേശവാസികളായ സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ വിവരങ്ങളാണ് പോലിസ് മുഖവിലയ്ക്കെടുത്തത്. യുവതിയെ ചൂഷണം ചെയ്തെന്ന് കുടുംബം തന്നെ ആരോപിക്കുന്ന യുവാവിനെതിരേ കേസെടുക്കുന്നതിനു പകരം എസ്ഡിപിഐയെ കരിവാരിത്തേക്കാനും നിരപരാധികളെ വേട്ടയാടാനുമാണ് പോലിസ് ശ്രമിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.

