ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍നിന്ന് യാത്രക്കാരി തെറിച്ചുവീണു; ഗുരുതര പരിക്ക്
കല്‍പ്പറ്റയില്‍നിന്നും വൈത്തിരിയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍നിന്നാണ് സ്ത്രീ പുറത്തേക്ക് വീണത്. വൈത്തിരി ടൗണില്‍ വച്ചായിരുന്നു സംഭവം.
കല്‍പ്പറ്റ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട് വൈത്തിരിയിലാണ് സംഭവമുണ്ടായത്. തളിമല സ്വദേശിനി ശ്രീവള്ളിക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാഥമികചികില്‍സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കല്‍പ്പറ്റയില്‍നിന്നും വൈത്തിരിയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍നിന്നാണ് സ്ത്രീ പുറത്തേക്ക് വീണത്. വൈത്തിരി ടൗണില്‍ വച്ചായിരുന്നു സംഭവം.
ഇറങ്ങാനുള്ള സ്റ്റോപ്പിലേക്ക് ബസ് അടുത്തതോടെ ഇവര്‍ ഇരിപ്പിടത്തില്‍നിന്ന് മാറി വാതിലിന് സമീപത്തേക്ക് നിന്നു. ഇതിനിടെ ബസ് വളവ് തിരിഞ്ഞപ്പോള്‍ തുറന്നിരുന്ന വാതിലിലൂടെ സ്ത്രീ പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു. ഡ്രൈവറുടെ നിയന്ത്രണത്തിലുള്ള ഓട്ടോമാറ്റിക് ഡോറായിരുന്നു. കെഎസ്ആര്‍ടിസിക്ക് തൊട്ടുപിന്നാലെ മറ്റൊരു സ്വകാര്യ ബസ് കൂടി വരുന്നുണ്ടായിരുന്നു. സ്ത്രീ വീഴുന്നത് കണ്ട് പിന്നാലെ വന്ന ബസ്സിന്റെ ഡ്രൈവര്‍ പെട്ടന്ന് ബ്രേക്ക് ചെയ്തതിനാല്‍ തലനാരിഴയ്ക്ക് വന്‍ദുരന്തമൊഴിവായത് സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.
സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് സ്ത്രീയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. തലയടിച്ച് വീണതിനാല്‍ സ്ത്രീക്ക് കാര്യമായ പരിക്കുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സാധാരണഗതിയില്‍ ഡബിള്‍ ബെല്‍ അടിച്ചുകഴിഞ്ഞാല്‍ വാതില്‍ അടച്ചിട്ടുവേണം ബസ് മുന്നോട്ടെടുക്കാന്‍. എന്നാല്‍, സിസിടിവി ദൃശ്യങ്ങളില്‍ ബസ്സിന്റെ വാതിലുകള്‍ അടച്ചിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടു. ഗതാഗത കമ്മീഷണറോടും കെഎസ്ആര്‍ടിസി എംഡിയോടുമാണ് മന്ത്രി റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
