ഡിവൈഎസ്പിക്കെതിരേ യുവതിയുടെ പരാതി; ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു, ബ്ലാക്ക് മെയില്‍ ചെയ്തു
പാലക്കാട്: വടകര ഡിവൈഎസ്പി എ. ഉമേഷ് പീഡിപ്പിച്ചെന്ന് പരാതി നല്‍കി യുവതി. ചെര്‍പ്പുളശേരി എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നതിനു പിന്നാലെയാണ് യുവതി നേരിട്ടെത്തി പരാതി നല്‍കിയത്. വീട്ടിലെത്തി ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്നും ബ്ലാക്ക് മെയില്‍ ചെയ്‌തെന്നുമാണ് മൊഴി.
ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പില്‍ യുവതിയെക്കുറിച്ച് വന്ന പരാമര്‍ശങ്ങള്‍ വടകര ഡിവൈഎസ്പി ഉമേഷ് തള്ളിയതിനു പിന്നാലെയാണ് യുവതിയുടെ പരാതി എത്തിയത്. 2014 ഏപ്രില്‍ 15നാണ് പീഡനം നടന്നതെന്നും യുവതി മൊഴി നല്‍കി.
നവംബര്‍ 15 നാണ് ബിനു ചെര്‍പ്പുളശേരി പോലിസ് സ്റ്റേഷനടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ ജിവനൊടുക്കിയത്. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയാണ് ബിനു. ഉമേഷ് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്നും യുവതിയെ പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചെന്നുമാണ് ആരോപണം. അനാശാസ്യക്കേസില്‍ അറസ്റ്റിലായ യുവതിയെ അന്നുതന്നെ ഉമേഷ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. അമ്മയും 2 മക്കളുമുള്ള വീട്ടില്‍ രാത്രി സമയത്തെത്തിയായിരുന്നു പീഡനം. കേസ് മാധ്യമങ്ങളില്‍ വരാതിരിക്കാനും പുറത്തറിയാതിരിക്കാനും തനിക്ക് വഴങ്ങണമെന്ന് ഉമേഷ് യുവതിയോട് പറയുകയായിരുന്നു. മറ്റ് വഴികളില്ലാതെ യുവതി സമ്മതിക്കുകയായിരുന്നെന്നും ബിനു കത്തില്‍ ആരോപിക്കുന്നു.
