പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവം; ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി
പാമ്പുകടിയേറ്റ കിടപ്പുമുറിയും വീടും പരിസരവും അന്വേഷണ സംഘം പരിശോധിച്ചു. മാതാപിതാക്കളില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്.
കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഏറം വെള്ളിശ്ശേരി വീട്ടില്‍ ഉത്രയുടെ മരണത്തിലാണ് അന്വേഷണം ആരംഭിച്ചത്. റൂറല്‍ പോലിസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന് ഉത്രയുടെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.
പാമ്പുകടിയേറ്റ കിടപ്പുമുറിയും വീടും പരിസരവും അന്വേഷണ സംഘം പരിശോധിച്ചു. മാതാപിതാക്കളില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്. എന്നാല്‍ അന്വേഷണമല്ലെന്നും പരാതിയിലുള്ള പ്രാഥമികമായ വിവരങ്ങള്‍ തേടുക മാത്രമാണ് ഇപ്പോള്‍ ചെയ്തതെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഭര്‍തൃ വീട്ടിലെ കിടപ്പുമുറിയില്‍ ഭര്‍ത്താവ് സൂരജിനൊപ്പം ഉറങ്ങിക്കിടന്ന ഉത്രയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.