കൂടുതല്‍ സംവാദാത്മക പഠനാന്തരീക്ഷം ഓണ്‍ലൈനില്‍ ഒരുക്കാന്‍ ശ്രമിക്കും: മുഖ്യമന്ത്രി

Update: 2021-07-02 15:44 GMT

തിരുവനന്തപുരം: കൂടുതല്‍ സംവാദാത്മക പഠനാന്തരീക്ഷം ഓണ്‍ലൈനില്‍ ഒരുക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രവാസി വ്യവസായികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡിജിറ്റല്‍ വിദ്യഭ്യാസത്തിനുള്ള ശ്രമം കേരളത്തില്‍ ആരംഭിച്ചു കഴിഞ്ഞു. നിലവിലുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പരിമിതികളുണ്ട്. സംവാദാത്മകമല്ല എന്നതാണ് പ്രധാന പരിമിതി. കുട്ടികള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും സംശയ നിവാരണത്തിനും അവസരം കിട്ടുന്നില്ല. ഈ നില മാറി കൂടുതല്‍ സംവാദാത്മക പഠനാന്തരീക്ഷം ഓണ്‍ലൈനില്‍ ഒരുക്കാനാണ് ശ്രമം.

അപ്പോള്‍ സാധാരണ നിലക്ക് ക്ലാസില്‍ ഇരിക്കുന്ന അനുഭവം കുട്ടിക്ക് ഉണ്ടാവും. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന ആശയം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളില്‍ കുട്ടികള്‍ക്ക് പ്രയാസമുണ്ടാവും. അത് പരിഹരിക്കാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുമായി ആലോചന നടത്തി കാര്യങ്ങള്‍ ചെയ്തുവരികയാണ്. അപൂര്‍വം ചില സ്ഥലങ്ങളില്‍ പൊതു പഠനമുറി സജ്ജീകരിക്കേണ്ടിവരും.

ഒരു സ്‌കൂളില്‍ എത്ര ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമാണെന്ന് കൃത്യമായ കണക്കെടുക്കും. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കണക്ക് ക്രോഡീകരിക്കും. ഡിജിറ്റല്‍ പഠനത്തിന് കുട്ടികള്‍ക്കാവശ്യമായ പൂര്‍ണ പിന്തുണ രക്ഷിതാക്കളും നല്‍കണം. രക്ഷാകര്‍ത്താക്കള്‍ക്കും ഡിജിറ്റല്‍ ശാക്തീകരണം നടത്തും. അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്താനാവശ്യമായ പരിശീലനം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പ്രവാസി വ്യവസായികളും യോഗത്തില്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.

ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. അബ്രഹാം, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, എം എ യൂസഫലി, ഡോ.രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍, ഡോ.എം അനിരുദ്ധന്‍, ഒ വി മുസ്തഫ, സി വി റപ്പായി, ജെ കെ മേനോന്‍, യു എ നസീര്‍, ഡോ. പി മുഹമ്മദലി, ഡോ. മോഹന്‍ തോമസ്, അദീബ് അഹമ്മദ്, കെ വി ഷംസുദ്ദീന്‍, ഡോ. സിദ്ദിഖ് അഹമ്മദ്, രവി ഭാസ്‌കരന്‍, നാസര്‍, കെ മുരളീധരന്‍, രാമചന്ദ്രന്‍ ഒറ്റപ്പാത്ത്, സുനീഷ് പാറക്കല്‍, മുഹമ്മദ് അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News