സൗമിനി ജെയിനെ മാറ്റും; കൊച്ചി കോര്‍പറേഷനില്‍ സമ്പൂര്‍ണ അഴിച്ചുപണി

തിരഞ്ഞെടുപ്പ് ദിവസം നഗരത്തിലുണ്ടായ വെള്ളക്കട്ടും എറണാകുളം മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് കുറഞ്ഞതുമാണ് നടപടിക്ക് പിന്നില്‍.

Update: 2019-10-27 06:05 GMT

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് ദിവസം നഗരത്തിലുണ്ടായ വെള്ളക്കട്ടും എറണാകുളം മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് കുറഞ്ഞതുമാണ് നടപടിക്ക് പിന്നില്‍. മേയറെയും മുഴുവന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റാന്‍ തീരുമാനിച്ചതായും ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അറിയിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മേയര്‍ ഉള്‍പ്പടെ ഭരണസമിതി മൊത്തത്തില്‍ മാറണമെന്ന് നേരത്തേയുള്ള ധാരണയുടെ ഭാഗമായാണു നടപടിയെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.

കോര്‍പ്പറേഷനിലെ ഭരണ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പിന് മുമ്പേ ആരംഭിച്ചിരുന്നുവെന്ന് കെ വി തോമസ് പറഞ്ഞു. ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് കാരണം ഉപതിരഞ്ഞെടുപ്പ് ഫലമോ നഗരത്തിലെ വെള്ളക്കെട്ടോ അല്ല. മേയര്‍ എന്ന നിലയില്‍ സൗമിനി നന്നായി പ്രവര്‍ത്തിച്ചു. നഗരസഭയുടെ വീഴ്ചകള്‍ക്ക് മേയര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നും കെ വി തോമസ് വ്യക്തമാക്കി.

മേയറെ മാറ്റുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഡിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി യോഗം ചേര്‍ന്നിരുന്നു. എറണാകുളം ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ മേയറുടെ ഭരണവീഴ്ച്ചയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഭരണത്തില്‍ പിടിപ്പുകേട് ഉണ്ടായെന്നും ജനവികാരം മനസിലാക്കാന്‍ കോര്‍പ്പറേഷന് കഴിഞ്ഞില്ലെന്നും കുറ്റുപ്പെടുത്തി ഹൈബി ഈഡന്‍ എംപി രംഗത്തെത്തിയിരുന്നു. എന്നാല്‍ നേട്ടങ്ങള്‍ വരുമ്പോള്‍ മാത്രം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് ഹൈബിക്കെതിരെ മേയര്‍ തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് മെയറെ ഒഴിവാക്കാനുള്ള ധാരണ. 

Tags: