മണിക്കൂറുകള്‍ നീണ്ട പരിശ്രമം; കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി (വീഡിയോ)
പിണവൂര്‍കുടി അമ്പലത്തിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് ബുധനാഴ്ച പുലര്‍ച്ചെ ആന വീണത്. കാഴ്ചയില്‍ പത്ത് വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് റബര്‍ത്തോട്ടത്തിലെ കിണറ്റില്‍ അകപ്പെട്ടത്.
കൊച്ചി: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍ കുടിയില്‍ ആദിവാസി കോളനിയിലെ സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. ജെസിബിയെത്തിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ രക്ഷിച്ചത്. പിണവൂര്‍കുടി അമ്പലത്തിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് ബുധനാഴ്ച പുലര്‍ച്ചെ ആന വീണത്. കാഴ്ചയില്‍ പത്ത് വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് റബര്‍ത്തോട്ടത്തിലെ കിണറ്റില്‍ അകപ്പെട്ടത്. പിണവൂര്‍കുടി കൊട്ടാരം ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന പ്രദേശമാണ് ഇവിടം.
A wild elephant fell in an open well ag Pinavoorkudi tribal colony in Ernakulam district, Kerala. Forest officials and local people trying to rescue the elephant. @NewIndianXpress@xpresskerala @TribalArmy @KeralaForest @NWF pic.twitter.com/H2dnecInkm
— Manoj Viswanathan (@Manojexpress) June 16, 2021
സംഭവമറിഞ്ഞ് നേര്യമംഗലം റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം പിണവൂര്‍ കുടിയിലെത്തി ആനയെ കരയ്ക്കുകയറ്റുകയായിരുന്നു. കിണറ്റില്‍നിന്ന് പുറത്തേക്ക് കയറാന്‍ ആന ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ് അധികൃതര്‍ ജെസിബി എത്തിച്ചത്. ജെസിബി ഉപയോഗിച്ച് കിണറിന്റെ വശങ്ങളിടിച്ച് ആനക്ക് കയറിപ്പോവാന്‍ പാതയൊരുക്കിയത്. മൂന്ന് മണിക്കൂര്‍ പണിപ്പെട്ടാണ് ആനയെ കരയ്ക്കുകയറ്റിയത്. രക്ഷപ്പെടുത്തിയ ആനയെ കാട്ടിലേക്ക് വിട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥിരമായി കാട്ടാന കൂട്ടങ്ങള്‍ ഇറങ്ങുന്ന പ്രദേശങ്ങളാണ് കുട്ടമ്പുഴ, കോട്ടപ്പടി എന്നിവ.
കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് കാട്ടാനകളുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. കാട്ടാന വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമാവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം. മുമ്പ് സമാനരീതിയില്‍ കിണറുകളില്‍ വീണ ആനകളെ രക്ഷിച്ചെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതുവരെ നഷ്ടപരിഹാരം ലഭിക്കാത്തതിനാലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഇന്ന് മൂന്നാറില്‍ നടക്കുന്ന യോഗത്തില്‍ നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമുണ്ടാവുമെന്ന് ഡിഎഫ്ഒ ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

