കറവൂരിലും കാട്ടാനയെ കൊലപ്പെടുത്തിയതെന്ന് വനംവകുപ്പ്; മൂന്നുപേർ പിടിയിൽ

കൈതച്ചക്കയിൽ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് കാട്ടാനയുടെ വായിൽ മുറിവുണ്ടായതും പിന്നീട് ചരിഞ്ഞതെന്നും വനം വകുപ്പ് അധികൃതർ വിശദീകരിച്ചു.

Update: 2020-06-10 09:00 GMT

കൊല്ലം: ദുരൂഹ സാഹചര്യത്തിൽ പത്തനാപുരം കറവൂരിൽ കാട്ടാന ചരിഞ്ഞ സംഭവം കൊലപാതകമെന്ന് വനംവകുപ്പ്. കൈതച്ചക്കയിൽ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് കാട്ടാനയുടെ വായിൽ മുറിവുണ്ടായതും പിന്നീട് ചരിഞ്ഞതെന്നും വനം വകുപ്പ് അധികൃതർ വിശദീകരിച്ചു.

സംഭവത്തിൽ കറവൂർ സ്വദേശികളായ രഞ്ജിത്, അനിമോൻ, ശരത് എന്നിവർ പിടിയിലായി. വായിൽ വലിയ വ്രണവുമായി ഏപ്രിൽ 11നാണ് കറവൂരിൽ അവശനിലയിൽ കണ്ട കാട്ടാന ചരിഞ്ഞത്. പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. മരക്കഷണമോ മറ്റോ കൊണ്ടാകും വായിൽ വ്രണമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് മുറിവുണ്ടായതെന്ന സംശയം വന്നതോടെ വനംവകുപ്പ് അന്വേഷണം നടത്തുകയായിരുന്നു. പിടിയിലായ മൂന്ന് പേരും മൃഗവേട്ടക്കാരാണെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. മ്ലാവിനെ പിടികൂടാനായാണ് ഇവർ കൈതച്ചക്കയിൽ പന്നിപ്പടക്കം ഒളിപ്പിച്ചത്.

രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. സ്ഥിരം മൃഗവേട്ട നടത്തുന്ന ഇവർക്കെതിരേ മ്ലാവ്, മലമ്പാമ്പ് തുടങ്ങിയവയെ വേട്ടയാടി കൊന്നതിനും കേസെടുക്കും.

Tags: