വയനാട് മേപ്പാടിയില്‍ കുളത്തില്‍വീണ കാട്ടാനകളെ രക്ഷപ്പെടുത്തി

നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് കുളത്തിന്റെ ഒരുഭാഗം ഇടിച്ച് നിരപ്പാക്കി ആനകളെ കരയ്‌ക്കെത്തിക്കുകയായിരുന്നു.

Update: 2020-04-05 06:08 GMT

കല്‍പറ്റ: വയനാട് മേപ്പാടിയില്‍ ചെളിക്കുളത്തില്‍ വീണ രണ്ട് കാട്ടാനകളെ രക്ഷപ്പെടുത്തി. മേപ്പാടി കപ്പം കൊല്ലിയിലെ സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റിലെ കുളത്തിലാണ് ഞായറാഴ്ച രാവിലെ കാട്ടാനകള്‍ വീണത്. ആദ്യം ഒരാനയാണ് വീണത്. ഇതിനെ പിടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ ആനയും കുളത്തില്‍ വീഴുകയായിരുന്നു. വെള്ളം തേടിയിറങ്ങിയ കാട്ടാനക്കൂട്ടത്തില്‍നിന്നുള്ള ഒരു കൊമ്പനാനയും പിടിയാനയുമാണ് കുളത്തില്‍ അകപ്പെട്ടത്. എസ്റ്റേറ്റിലെ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് മേപ്പാടി റെയ്ഞ്ച് ഓഫിസറെ വിവരമറിയിച്ചു.

നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് കുളത്തിന്റെ ഒരുഭാഗം ഇടിച്ച് നിരപ്പാക്കി ആനകളെ കരയ്‌ക്കെത്തിക്കുകയായിരുന്നു. എന്നാല്‍, ആദ്യം ജെസിബി കണ്ട് ഭയന്ന ആനകള്‍ കുളത്തിന്റെ മറുഭാഗത്തേക്ക് മാറിനിന്നെങ്കിലും മണ്ണിടിച്ച് വഴിയുണ്ടാക്കിയതോടെ കരയ്ക്ക് കയറുകയായിരുന്നു. ചെളിനിറഞ്ഞ കുളമായതിനാല്‍ ഏറെ പണിപ്പെട്ടാണ് ആനകളെ കരയ്‌ക്കെത്തിക്കാനായത്. 

Tags: