ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികൾക്കുള്ള ഓൺലൈൻ പഠനപദ്ധതിക്ക് തുടക്കമായി

പൊതുവിദ്യാലയങ്ങളിലെ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം പരിമിതികള്‍ ഉള്ളവര്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Update: 2020-07-04 10:00 GMT

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലളിതമാക്കി ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളിലെത്തിക്കുന്ന പഠന പദ്ധതിയായ വൈറ്റ് ബോര്‍ഡിന് തുടക്കം. പൊതുവിദ്യാലയങ്ങളിലെ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം പരിമിതികള്‍ ഉള്ളവര്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കാഴ്ച പരിമിതി, ശ്രവണ പരിമിതി, ബുദ്ധി പരിമിതി, പഠന വൈകല്യം, സെറിബ്രല്‍ പാള്‍സി, ഓട്ടിസം എന്നിങ്ങനെ ഓരോ ഭിന്നശേഷി വിഭാഗക്കാര്‍ക്കും അനുയോജ്യമായ പഠനവിഭവങ്ങള്‍ പ്രത്യേകം തയ്യാറാക്കുന്നു.

സംസ്ഥാനതല ടൈംടേബിള്‍ അനുസരിച്ചാണ് ഓരോ കുട്ടിക്കും പഠനവിഭവങ്ങള്‍ ലഭ്യമാക്കുന്നത്. ആദ്യഘട്ടമായി ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള ഭാഷാ വിഷയങ്ങളും ശാസ്ത്രവിഷയങ്ങളും ആണ് ഉള്‍പ്പെടുത്തുക. പഠനവിഭവങ്ങള്‍ ടെലിഗ്രാം പ്ലാറ്റ്‌ഫോമിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും കുട്ടികള്‍ക്ക് ലഭ്യമാക്കുന്നു. ക്ലാസ്, വിഷയം, ഭിന്നശേഷി വിഭാഗം അനുസരിച്ച് വാട്‌സ്ആപ്പ് കൂട്ടായ്മകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പില്‍ കുട്ടിക്കും റിസോഴ്‌സ് അധ്യാപകാര്‍ക്കും പുറമേ രക്ഷിതാവും ക്ലാസ് ടീച്ചറും വിഷായാധ്യാപകരും അംഗങ്ങളാണ്. തുടര്‍പഠനത്തിനായി ഓരോ ഭിന്നശേഷി വിഭാഗത്തിനും അനുയോജ്യമായ വര്‍ക്ക് ഷീറ്റുകളും കുട്ടികളുടെ വീടുകളില്‍ എത്തിക്കും. ഫോണിലൂടെയും വിവരങ്ങള്‍ കൈമാറും.

Tags:    

Similar News