യുഎഇ കോൺസുലേറ്റിൽ നടക്കാൻ പാടില്ലാത്തത് നടന്നു; സത്യം പുറത്തുവരും: എസ് ജയ്ശങ്കർ

വിദേശകാര്യ മന്ത്രാലയത്തിന് മാത്രമല്ല, രാജ്യത്തിന് മൊത്തമായി നടക്കാൻ പാടില്ലാത്തത് നടന്നെന്ന് അറിയാം.

Update: 2022-07-10 16:47 GMT

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിൽ നടക്കാൻ പാടില്ലാത്ത സംഭവങ്ങളുണ്ടായെന്ന് വിദേകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഇക്കാര്യങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഏതൊരാൾ ആണെങ്കിലും നിയമത്തിന് വിധേയമായി മാത്രമേ പ്രവർത്തിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കൾക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

വിദേശകാര്യ മന്ത്രാലയത്തിന് മാത്രമല്ല, രാജ്യത്തിന് മൊത്തമായി നടക്കാൻ പാടില്ലാത്തത് നടന്നെന്ന് അറിയാം. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലും വിദേശ രാജ്യത്തെ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിഷയം ആയതുകൊണ്ടും അതേക്കുറിച്ച് കൂടുതൽ പറയാൻ താൻ ആഗ്രഹിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. സത്യം പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.