കോട്ടയത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുമരണം

പുന്നത്ര സ്വദേശികളായ മഴുവന്‍ചേരി കാലായില്‍ ജോയി ജോയി (49), അയര്‍ക്കുന്നം പൂവത്താനം സാജു(44) എന്നിവരാണ് മരിച്ചത്.

Update: 2020-02-28 12:08 GMT

കോട്ടയം: അയര്‍ക്കുന്നം പുന്നത്ര കമ്പനിക്കടവില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ മണ്ണിടിഞ്ഞുവീണ് മരിച്ചു. പുന്നത്ര സ്വദേശികളായ മഴുവന്‍ചേരി കാലായില്‍ ജോയി ജോയി (49), അയര്‍ക്കുന്നം പൂവത്താനം സാജു(44) എന്നിവരാണ് മരിച്ചത്. കിണര്‍ വൃത്തിയാക്കിയ ശേഷം മണ്ണ് നീക്കംചെയ്ത് റിങ് ഇറക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അയര്‍ക്കുന്നം പുന്നത്ര കമ്പനിക്കടവ് പാണ്ടശേരി വീട്ടില്‍ ശശിധരന്റെ വീട്ടുമുറ്റത്ത് കുത്തിയ പുതിയ കിണര്‍ വൃത്തിയാക്കി റിങ് ഇറക്കുകയായിരുന്നു സാജുവും ജോയിയും.

മണ്ണിന് ബലക്കുറവായതിനാല്‍ ബലം വരുത്തുന്നതിനായാണ് കിണറ്റില്‍ റിങ് ഇറക്കിയത്. ഇതിനിടെ കിണറ്റിലേക്ക് അപ്രതീക്ഷിതമായി മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഒരാളുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും രണ്ടാമത്തെയാളുടെ മൃതദേഹം സ്വകാര്യാശുപത്രിയിലേക്കും മാറ്റി. സംഭവത്തില്‍ പോലിസ് കേസെടുത്തു. 

Tags: