ദേശീയ വൈദ്യുതി നിയമ ഭേദഗതി കുത്തകവല്‍ക്കരണം നടപ്പാക്കാനെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2020-04-20 10:19 GMT

തിരുവനന്തപുരം: കൊവിഡ് മൂലമുള്ള സാമൂഹിക നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ തിടുക്കത്തില്‍ ദേശീയ വൈദ്യുതി നിയമ ഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചത് വൈദ്യുതി മേഖലയെ സമ്പൂര്‍ണമായി കുത്തക വല്‍ക്കരിക്കാനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. ഏപ്രില്‍ 17ന് പ്രസിദ്ധീകരിച്ച കരടിന്‍മേല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കാന്‍ കേവലം 21 ദിവസങ്ങള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അപകടകരമായ ഭേദഗതികളാണ് കേന്ദ്രം കരട് ബില്ലില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള വൈദ്യുതി മേഖലയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള എല്ലാ അധികാരങ്ങളും വെട്ടിക്കുറച്ച് ദേശീയ റഗുലേറ്ററി കമ്മീഷന് കീഴിലും ദേശീയ താരിഫിന് കീഴിലും വൈദ്യുതി മേഖലയെ കൊണ്ടുവരുന്നത് ഫെഡറല്‍ സംവിധാനം തകര്‍ക്കും. ഡല്‍ഹി പോലുള്ള പല സംസ്ഥാനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന സേവന ഇളവുകള്‍ ഇല്ലാതാവും. കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ ഗാര്‍ഹിക മേഖലയിലെ ഉപഭോക്താക്കള്‍ക്ക് നിശ്ചയിച്ച കുറഞ്ഞ താരിഫും ഇല്ലാതാവുന്നതോടെ സാധാരണക്കാരുടെ വൈദ്യുതി ബില്‍ വന്‍തോതില്‍ വര്‍ധിക്കും.

    സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍ ദുര്‍ബലപ്പെടുന്നതോടെ ഓരോ സംസ്ഥാനങ്ങളും അവരുടെ സാമൂഹിക ജീവിതാവസ്ഥ വച്ച് അനുവദിക്കുന്ന സബ്‌സിഡിയും ക്രോസ് സബ്‌സിഡിയും ഇല്ലാതാവുകയും വൈദ്യുതി മേഖല സബ്‌സിഡി രഹിതമായി മാറുകയും ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതാവുകയും ചെയ്യും. ചെറുകിട വ്യവസായ കാര്‍ഷിക ഉപഭോക്താക്കളുടെ വൈദ്യുത ചിലവ് താങ്ങാവുന്ന സ്ഥിതിക്കപ്പുറത്തേക്ക് എത്തും. സംസ്ഥാനങ്ങള്‍ക്ക് നികുതി സംവിധാനത്തിന്റെ സ്വാശ്രയാധികാരം ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ നഷ്ടപ്പെട്ടതു പോലെ വൈദ്യുത മേഖലയിലും സംസ്ഥാനം വെറും നോക്കുകുത്തിയായി മാറും. സംഘപരിവാര്‍ വിഭാവന ചെയ്യുന്ന കേന്ദ്രീകൃത അധികാര ഘടന രൂപപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണ് നിര്‍ദ്ദിഷ്ട ഭേദഗതി. സ്വദേശ-വിദേശ കുത്തകള്‍ക്ക് സാമ്പത്തികാധികാരം കൈമാറാനുള്ളതും സംസ്ഥാനങ്ങളുടെ അധികാരം കൈയാളുന്നതുമായ നിര്‍ദ്ദിഷ്ട കരട് നിര്‍ദേശങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.




Tags:    

Similar News