എ വിജയരാഘവന്‍ നടത്തുന്നത് വംശീയ മുന്നേറ്റ ജാഥ: വെല്‍ഫെയര്‍ പാര്‍ട്ടി

ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളായ മുസ്‌ലിങ്ങളേയും ക്രൈസ്തവരെയും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച സംഘ്പരിവാര്‍ വിചാരധാരയുടെ ഭാഷയാണ് സിപിഎം കേരള സെക്രട്ടറി ഉപയോഗിക്കുന്നത്.

Update: 2021-02-18 12:01 GMT

തിരുവനന്തപുരം: കേരളമാസകലം വംശീയതയും ന്യൂനപക്ഷ വിരുദ്ധതയും പ്രചരിപ്പിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ നടത്തുന്ന യാത്ര വംശീയ മുന്നേറ്റയാത്രയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സംഘ്പരിവാറിന് കാര്യങ്ങള്‍ എളുപ്പമാക്കാനാണ് ന്യൂനപക്ഷ വര്‍ഗീയതയുണ്ടെന്നും അതാണ് ഏറ്റവും അപകടകരമായതെന്നും പ്രചരിപ്പിക്കുന്നത്.

ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളായ മുസ്‌ലിങ്ങളേയും ക്രൈസ്തവരെയും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച സംഘ്പരിവാര്‍ വിചാരധാരയുടെ ഭാഷയാണ് സിപിഎം കേരള സെക്രട്ടറി ഉപയോഗിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ വര്‍ഗീയ വേര്‍തിരിവുണ്ടാക്കി വിജയിക്കാമെന്ന വ്യാമോഹത്തിലാണ് അദ്ദേഹം ഇത്തരം അപകടകരവും വിദ്വംസക സ്വഭാവമുള്ളതുമായ പ്രസ്താവനകള്‍ നടത്തുന്നത്. രാജ്യത്ത് നിരവധി വംശഹത്യകള്‍ നടത്തുകയും ഭരണഘടനാ മൂല്യങ്ങളെ തകര്‍ത്ത് മത ന്യൂനപക്ഷങ്ങളുടെ പൗരത്വം നിഷേധിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ ഫാഷിസത്തെക്കാള്‍ മതന്യൂനപക്ഷങ്ങളാണ് അപകടം എന്ന് പ്രചരിപ്പിക്കുക വഴി സിപിഎം സംഘ്പരിവാറിനെ വെള്ളപൂശുകയാണ്. ഇല്ലാത്ത ന്യൂനപക്ഷ വര്‍ഗീയത ഉണ്ടെന്നു വരുത്തിതീര്‍ക്കുന്ന കേരള സിപിഎം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് തുരങ്കം വെക്കുകയാണ്. കേരളത്തിലെ മതേതര സമൂഹം ഈ അപകടം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.