സജീദ് ഖാലിദിനെതിരെ ചുമത്തിയ വ്യാജകേസ് പിന്‍വലിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

കേരളത്തിലെ നിരവധി ജനകീയ സമരങ്ങളിലും പൊതുവായി ഇടപെടുന്ന വ്യക്തിക്കെതിരെ ഇത്തരത്തില്‍ കള്ളക്കേസെടുക്കുന്നത് സംഘപരിവാറിനോടുള്ള പോലിസിന്റെ വിധേയത്വമാണ് പ്രകടമാക്കുന്നത്.

Update: 2020-01-31 14:00 GMT

തിരുവനന്തപുരം: സജീദ് ഖാലിദിനെതിരെ ചുമത്തിയ വ്യാജകേസ് പിന്‍വലിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. തൃശൂര്‍ മണ്ണുത്തി പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ മുല്ലക്കരയില്‍ വീട്ടമ്മയായ ജമീലയെ കഴിഞ്ഞ ദിവസം നടക്കാനിറങ്ങിയപ്പോല്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജ്യം വിട്ടുപോകാനാവശ്യപ്പെട്ട് മര്‍ദ്ദിച്ച സംഭവം സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദിനെതിരെ മണ്ണുത്തി പോലിസ് ഐപിസി 153, കേരള പോലിസ് ആക്ട് 120(0) എന്നിവ പ്രകാരം കേസെടുത്തത്.

കലാപാഹ്വാനം നടത്തിയെന്നാണ് പോലിസ് എഫ്ഐആറില്‍ അവകാശപ്പെടുന്നത്. എന്നാല്‍, അത്തരത്തിലുള്ള ഒരു പരാമര്‍ശവും പോസ്റ്റിലില്ല. എന്നു മാത്രമല്ല വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത പ്രതിയെ മനോരോഗി എന്ന് പറഞ്ഞ് പോലിസ് വിട്ടയക്കുകയും ഇതേസമയം വരെ എഫ്ഐആര്‍ ഇടുകയോ ചെയ്തിട്ടില്ല. എന്നിരിക്കെയാണ് സംഭവം സംബന്ധിച്ച് വസ്തുത വിവരിച്ച സജീദ് ഖാലിദിനെതിരെ കേസെടുത്തിരിക്കുന്നത്.

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സമൂഹ്യ മാധ്യമങ്ങളിലും പൊതു പരിപാടികളിലും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ സജീവമായി ഇടപെടുന്ന വ്യക്തിയാണ് സജീദ് ഖാലിദ്. കേരളത്തിലെ നിരവധി ജനകീയ സമരങ്ങളിലും പൊതുവായി ഇടപെടുന്ന വ്യക്തിക്കെതിരെ ഇത്തരത്തില്‍ കള്ളക്കേസെടുക്കുന്നത് സംഘ്പരിവാറിനോടുള്ള പോലിസിന്റെ വിധേയത്വമാണ് പ്രകടമാക്കുന്നത്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരെ കേരളത്തില്‍ നിരവധി കേസുകളാണ് എടുത്തിരിക്കുന്നത്. ഇതെല്ലാം കേരളാ പോലിസ് സംഘ്പരിവാര്‍ വിധേയത്വമാണ് പ്രകടിപ്പിക്കുന്നത് എന്നതിന്റെ തെളിവാണ്.

കേരളത്തിലെ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നിസ്സംഗതയാണ് ഈ വിഷയത്തില്‍ പോലിസിന് വളംവെച്ചുകൊടുക്കുന്നത്. കേരള സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പ്രകടമാകുന്നത്. സജീദ് ഖാലിദിനെതിരെ മണ്ണുത്തി പോലിസ് ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കുകയും ജമീലയെ അക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുക്കയും വേണം. പൊതുപ്രവര്‍ത്തകനെതിരെ കള്ളക്കേസെടുത്ത മണ്ണുത്തി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുരേന്ദ്രന്‍ കരിപ്പുഴ (സംസ്ഥാന വൈസ് പ്രസിഡന്റ്), ശ്രീജ നെയ്യാറ്റിന്‍കര (സംസ്ഥാന വൈസ് പ്രസിഡന്റ്), സജീദ് ഖാലിദ് (സംസ്ഥാന സെക്രട്ടറി) വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.

Tags:    

Similar News