തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ ഭവന പദ്ധതി; ആദ്യഘട്ടം അഞ്ച് ജില്ലകളില്‍

Update: 2022-03-11 08:25 GMT

കോഴിക്കോട്: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി ഒരു തൊഴിലാളിക്ക് ഒരു വീട് എന്ന നിലയില്‍ ഭവന പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ഒരു തൊഴിലാളിക്ക് വീതമാണ് വീട് നിര്‍മിച്ചുനല്‍കുന്നത്.

തൊഴിലാളികളുടെ ക്ഷേമ ആനുകൂല്യങ്ങള്‍ക്കായി 75,87,706 രൂപ ക്ഷേമനിധി ബോര്‍ഡ് അനുവദിച്ചു. ചികില്‍സാ സഹായം, വിദ്യാഭ്യാസ അവാര്‍ഡുകള്‍ മെഡിക്കല്‍ എന്‍ജിനീയറിങ് പരിശീലന സഹായം, അപകടമരണ ധനസഹായം, പെട്ടിമുടി ദുരന്ത ധനസഹായം, പ്രസവാനുകൂല്യ ധനസഹായം, ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കുള്ള ധനസഹായം എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇതാദ്യമായാണ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്കായി വീട് നിര്‍മിച്ചുനല്‍കുന്ന പദ്ധതി ആരംഭിക്കുന്നത്. ഭവനം നിര്‍മിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ ബോര്‍ഡ് നല്‍കും. ആദ്യഘട്ടം എന്ന നിലയിലാണ് ബോര്‍ഡ് ഭവനപദ്ധതി അഞ്ച് ജില്ലകളിലായി തീരുമാനിച്ചത്. അടുത്ത ഘട്ടത്തില്‍ എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കുമെന്ന് കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജയന്‍ ബാബു അറിയിച്ചു.

Tags:    

Similar News