സിനിമാ മേഖല നിയമങ്ങള്‍ക്കു വിധേയമാകണം; മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കുമെന്ന് ഡബ്ല്യുസിസി

സിനിമാ മേഖലയ്ക്ക് അനുയോജ്യമായ രീതിയില്‍ എഴുതി തയ്യാറാക്കിയ രൂപരേഖ പുറത്തിറക്കാണ് ഡബ്ല്യു സി സിയുടെ പദ്ധതി.കൊച്ചിയില്‍ നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങളും ചെന്നൈയില്‍ അടുത്തമാസം നടക്കുന്ന ചര്‍ച്ചകളില്‍ മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയാവും രൂപരേഖ തയ്യാറാക്കുക. അടുത്ത ഡിസംബറില്‍ ഇവ ക്രോഡീകരിച്ച് മാനുവല്‍ രൂപത്തില്‍ പുറത്തിറക്കും. ഇതിന്റെ പകര്‍പ്പ് എല്ലാ സംസ്ഥാന സര്‍ക്കാരിനും സമര്‍പ്പിക്കും. സര്‍ക്കാരുകള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ പെരുമാറ്റചട്ട രൂപത്തില്‍ ഇത് പ്രേയോഗത്തില്‍ വരുത്താമെന്നും ഇവര്‍ പറഞ്ഞു

Update: 2019-04-27 14:51 GMT

കൊച്ചി: സിനിമാ മേഖല രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ഇടമായി മാറണമെന്നും ഇതിന്റെ ഭാഗമായി ഡബ്യുസിസിയുടെ നേതൃത്വത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കി രാജ്യത്തെ മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സമര്‍പ്പിക്കുമെന്ന് മലയാള സിനിമയിലെ വനിതാ നടിമാരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ കലക്ടീവ് സിനിമ അംഗങ്ങളായ അജ്ഞലി മേനോന്‍, വിധു വിന്‍സെന്റ്, സജിതാ മഠത്തില്‍എന്നിവര്‍ പറഞ്ഞു..സംഘടനയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇവര്‍.നിലവില്‍ സിനിമാ മേഖല അത്തരത്തിലല്ല പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സിനിമാ മേഖലയ്ക്ക് അനുയോജ്യമായ രീതിയില്‍ എഴുതി തയ്യാറാക്കിയ രൂപരേഖ പുറത്തിറക്കാണ് ഡബ്ല്യു സി സിയുടെ പദ്ധതി.

കൊച്ചിയില്‍ നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങളും ചെന്നൈയില്‍ അടുത്തമാസം നടക്കുന്ന ചര്‍ച്ചകളില്‍ മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയാവും രൂപരേഖ തയ്യാറാക്കുക. അടുത്ത ഡിസംബറില്‍ ഇവ ക്രോഡീകരിച്ച് മാനുവല്‍ രൂപത്തില്‍ പുറത്തിറക്കും. ഇതിന്റെ പകര്‍പ്പ് എല്ലാ സംസ്ഥാന സര്‍ക്കാരിനും സമര്‍പ്പിക്കും. സര്‍ക്കാരുകള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ പെരുമാറ്റചട്ട രൂപത്തില്‍ ഇത് പ്രേയോഗത്തില്‍ വരുത്താമെന്നും ഇവര്‍ പറഞ്ഞു. ഡബ്ല്യു സി സി അംഗങ്ങള്‍ നയിക്കുന്ന സിനിമാ സെറ്റുകളില്‍ കോണ്‍ട്രാക്ടും പരാതി പരിഹാര സെല്ലും രൂപീകരിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ഒരു പരാതി ഉയര്‍ന്നാല്‍ അത് സ്വീകരിക്കാനോ പരിഹരിക്കാനോ ഉള്ള സംവിധാനങ്ങളില്ല. ഇപ്പോള്‍ മലയാള സിനിമയില്‍ കോണ്‍ട്രാക്ടില്‍ ഏര്‍പ്പെട്ട് ജോലി ചെയ്യുന്നവര്‍ ചുരുക്കമാണ്.കോണ്‍ട്രാക്ട് ഒപ്പിട്ട് സിനിമ മുന്നോട്ട് കൊണ്ടു പോകുന്നത് സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഗുണകരമാകുമെന്നും അവര്‍ പറഞ്ഞു. ഇരയാക്കപ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകയക്കായി നടത്തുന്ന നിയമപരമായ പോരാട്ടങ്ങള്‍ തുടരും. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപോര്‍ട്ടും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന പൊതു താല്‍പര്യ ഹരജിയുടെ വിധിയും അനുസരിച്ചാകും മുന്നോട്ടുള്ള നീക്കമെന്നും അവര്‍ പറഞ്ഞു. 

Tags:    

Similar News