മുട്ടില്‍ മരം കൊള്ള: കേസ് ഡയറി ഹാജരാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

ക്രൈംബ്രാഞ്ച് എജിഡിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ഹരജിക്കാരന്‍ ആരോപിച്ചു

Update: 2021-08-10 14:51 GMT

കൊച്ചി: വയനാട് മുട്ടില്‍ മരം കൊള്ളക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.ക്രൈംബ്രാഞ്ച് എജിഡിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ഹരജിക്കാരന്‍ ആരോപിച്ചു.

പ്രകൃതി വിഭവങ്ങള്‍ നഷ്ടപ്പെട്ടതായി പോലിസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ തന്നെ സമ്മതിക്കുന്നുണ്ട്. മരംമുറിക്ക് പിന്നില്‍ വ്യാപക ഗൂഢാലോചന നടന്നതായും വലിയ തോതിലുള്ള തടി മോഷണം നടന്നതായും റിപ്പോര്‍ട്ടിലുണ്ടെന്ന് ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു.പട്ടയ ഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. കേസ് വിധി പറയാനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Tags:    

Similar News