വയനാട് ഹര്‍ത്താല്‍ മാറ്റിവച്ചു

Update: 2019-09-27 10:42 GMT

കല്‍പ്പറ്റ: ദേശീയ പാത 766 ലെ ഗതാഗത നിരോധനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഒക്ടോബര്‍ 5ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മാറ്റിവച്ചതായി യുഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു. ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണനടക്കമുള്ള ജനപ്രതിനിധികളോടും യുഡിഎഫ് രാഷട്രീയ നേതൃത്വത്തോടും സിപിഎം, ബിജെപി, ജനതാദള്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രയാസം കണക്കിലെടുത്താണ് ഹര്‍ത്താല്‍ ഒഴിവാക്കുന്നതെന്ന് നേതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം വിഷയത്തില്‍ ശക്തമായ സമരം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. സമരങ്ങളുമായി ഒറ്റക്കെട്ടായി മുന്നോട്ടു പോവും. ഒക്ടോബര്‍ ഒന്നിന് ഡല്‍ഹിയില്‍ മുഖ്യമന്ത്രി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമ്പോള്‍ വയനാട്ടില്‍ നിന്നുള്ള സംഘം അനുഗമിക്കും. യോജിച്ച പ്രക്ഷോഭത്തിന് ശക്തി പകരുന്നതിനാണ് ഹര്‍ത്താല്‍ മാറ്റിവെക്കുന്നത്. യുഡിഎഫ് ചെയര്‍മാന്‍ പിപിഎ കരീം, കണ്‍വീനര്‍ എന്‍ഡിഅപ്പച്ചന്‍ മറ്റ് യുഡിഎഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.