ജലനിരപ്പ് സംഭരണശേഷിയിലേക്ക്; ഷോളയാര്‍ ഡാം തുറക്കാന്‍ കലക്ടറുടെ അനുമതി

അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാല്‍ പുഴയില്‍ മല്‍സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Update: 2020-09-06 15:42 GMT

തൃശൂര്‍: കേരള ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2,663 അടിയില്‍ എത്തിയാല്‍ ഡാം തുറന്ന് അധികജലം പകല്‍സമയം മാത്രം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നതിന് അനുമതി നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

കേരള ഷോളയാര്‍ ഡാമില്‍ നിലവിലെ ജലനിരപ്പ് 2,662 അടിയായതിനാലും തെക്ക്- കിഴക്ക് അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ തമിഴ്നാട്, വാല്‍പ്പാറ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമാണ് ഇടമലയാര്‍ ഡാം റിസര്‍ച്ച് ആന്റ് സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡാം തുറക്കാന്‍ അനുമതി തേടിയത്.

അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാല്‍ പുഴയില്‍ മല്‍സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

കേരള ഷോളയര്‍ ഡാം തുറക്കുമ്പോള്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. 

Tags: