വാളയാര്‍ കേസ്: വീഴ്ച വരുത്തിയ പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടി; കുടുംബത്തിന് നീതി ലഭിക്കാന്‍ ഇനിയും ഇടപെടും- മുഖ്യമന്ത്രി

കേസില്‍ വിചാരണവേളയിലുണ്ടായ വീഴ്ച പരിശോധിക്കുന്നതിനായി റിട്ട. ജില്ലാ ജഡ്ജി പി കെ ഹനീഫയെ കമ്മീഷനായി നിയമിച്ചിരുന്നു. ആ റിപോര്‍ട്ട് ലഭ്യമാകുകയും അത് നടപടിക്കുറിപ്പുകളോടെ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയും ചെയ്തിട്ടുണ്ട്.

Update: 2020-10-26 17:01 GMT

തിരുവനന്തപുരം: വാളയാറില്‍ മരണപ്പെട്ട കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭ്യമാവണമെന്ന ഉറച്ച തീരുമാനമാണ് സര്‍ക്കാരിനുമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്കൊപ്പം തന്നെയാണ് നമ്മളെല്ലാമുള്ളത്. ഒരുവര്‍ഷം മുമ്പ് വന്നുകാണുമ്പോഴും അവരോട് ഇക്കാര്യം പറഞ്ഞിരുന്നു. അവരോട് സംസാരിച്ച കാര്യങ്ങള്‍ പാലിക്കാന്‍ തന്നെയാണ് ഇക്കാലയളവില്‍ ശ്രമിച്ചതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേസില്‍ വിചാരണവേളയിലുണ്ടായ വീഴ്ച പരിശോധിക്കുന്നതിനായി റിട്ട. ജില്ലാ ജഡ്ജി പി കെ ഹനീഫയെ കമ്മീഷനായി നിയമിച്ചിരുന്നു. ആ റിപോര്‍ട്ട് ലഭ്യമാകുകയും അത് നടപടിക്കുറിപ്പുകളോടെ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയും ചെയ്തിട്ടുണ്ട്.

വിചാരണകോടതിയിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായിരുന്നവരെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കുറേക്കൂടി കര്‍ശന നടപടികള്‍ സ്വീകരിക്കും. കേസില്‍ പ്രതികളായവരെ വെറുതെ വിട്ടതിനെതിരായ നിയമപോരാട്ടമാണ് പ്രധാനം. അതിന് സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തത്. പ്രതികളെ സെഷന്‍സ് കോടതി വിട്ടയച്ചതിനെതിരേ 2019 ല്‍തന്നെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അതോടൊപ്പം മരണപ്പെട്ട കുട്ടികളുടെ അമ്മ ഫയല്‍ ചെയ്ത അപ്പീലുകളും ഹൈക്കോടതിയില്‍ നിലവിലുണ്ട്. വെറുതെവിട്ട പ്രതികളെ അറസ്റ്റുചെയ്യാന്‍ കോടതി ഉത്തരവിട്ടത് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ട പ്രകാരമാണ്.

സര്‍ക്കാരിന്റെ ആവശ്യത്തിന്റെ ഗൗരവം മനസിലാക്കിയായിരുന്നു ഹൈക്കോടതി അപൂര്‍വമായ ഇത്തരമൊരു ഇടപെടല്‍ നടത്തിയത്. വിചാരണ നടത്തി പ്രതികളെ നിരുപാധികം വിട്ടയച്ച കേസില്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തിക്കാന്‍ നിയമപരമായി സാധ്യമല്ല. എന്നാല്‍, വിചാരണ കോടതിയില്‍ സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് വിചാരണകോടതിയുടെ വിധി റദ്ദാക്കി പുനര്‍വിചാരണ സാധ്യമാവുന്നപക്ഷം തുടരന്വേഷണം ആവശ്യപ്പെടാനാവും. ഇതിനാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കാത്തുനില്‍ക്കാമെന്ന സമീപനമല്ല സര്‍ക്കാര്‍ സ്വീകരിച്ചത്. അപ്പീലുകള്‍ ഹൈക്കോടതി പരിഗണിക്കുന്നതിന് സ്വാഭാവിക കാലതാമസമുണ്ടാവുന്നുണ്ട്. ഈ കാലതാമസമൊ1ഴിവാക്കാന്‍ കേസ് വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഒരു അര്‍ജന്റ് മെമ്മോ ഫയല്‍ ചെയ്തു. നവംബര്‍ 9ന് കേസ് പരിഗണിക്കുമെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതി നടപടികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് നമുക്ക് തീരുമാനമെടുക്കാനാവും. കുട്ടികളുടെ മാതാവ് സര്‍ക്കാരില്‍ വിശ്വാസമാണെന്ന് ഇന്നും പറയുന്നത് കേട്ടു. ആ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിന് വേണ്ടി ഇനിയും ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News